Latest Stories


സൈക്കിള്‍, വട്ടത്തില്‍ ചവിട്ടിയാല്‍ നീളത്തിലോടുന്ന മഹായന്ത്രം... ഇന്ധനവില  റോക്കറ്റ്  പോലെ മുകളിലേക്കു കുതിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയുടെ  ഭാവി രണ്ടു സൈക്കിള്‍ ചക്ക്രങ്ങളിലാണെന്ന് പറഞ്ഞാല്‍ നിങ്ങളാരും എന്നെ സൈക്കിള്‍ചെയിന്‍  കൊണ്ടടിക്കരുത്... ഈയിടക്കു റോക്കറ്റു കുറെയെണ്ണം താഴേക്ക് വരുന്നുണ്ട്  പക്ഷെ പെട്രോള്‍ വില മാത്രം മുകളിലോട്ടു മുകളിലോട്ടു... വല്ലതും മനസിലായോ... വല്ല്യ അമേരിക്കന്‍, റഷ്യന്‍ സയന്റിസ്റ്റുകളുടെ വരെ കണക്കുകൂട്ടല്‍ പിഴക്കും പക്ഷെ ഇന്ത്യന്‍ പെട്രോള്‍ മുതലാളിമാരുടെ കണക്കുകൂട്ടലുകളൊന്നും ഒരിക്കലും പിഴക്കില്ല... അത്രതന്നെ...  പറഞ്ഞു പറഞ്ഞു ഞാനിനി അംബാനിയുടെ കഞ്ഞികുടി മുട്ടിക്കുന്നില്ല പാവം ജീവിച്ചു പോയ്ക്കോട്ടെ...

അങ്ങനെ ഒരു ദിവസം പുസ്തക സഞ്ചിയും പുറത്തിട്ടു നടരാജ് വണ്ടിയില്‍ ഏന്തിവലിഞ്ഞു സ്കൂളിലേക്ക്  പോകുമ്പോഴാണ് മാരുതി 800നെ  മെര്‍സിഡെസ് ബെന്‍സ്‌ ഓവര്‍ടേക്ക്  ചെയ്യണെപോലെ എന്നെക്കടന്നു പോയ ആ  കുന്ത്രാണ്ടത്തെ ഒന്ന് ഓടിക്കാന്‍ പഠിച്ചാല്‍ കൊള്ളാമെന്നു എനിക്കാദ്യം തോന്നിയത്...  പിന്നെ വൈകിയില്ല...  വൈകുന്നേരം വീട്ടിലെത്തിയ ഉടനെ സൈക്കിളുള്ള ഒരു കൂട്ടുകാരന്റെയടുത്തേക്കോടി...  അവന്റെ ശിഷ്യത്വം സ്വീകരിച്ചു... നല്ലവനായ കൂട്ടുകാരന്‍ അതിന്റെ സാധനസാമഗ്രികളെല്ലാം കാട്ടി ഒരു ടൂഷന്‍ ക്ലാസ്സ്‌ തന്നെയെടുത്തു... അവന്റെ വിവരണത്തില്‍ നിന്നും ബെല്ല് , ബ്രേക്ക് തുടങ്ങിയ സാധനങ്ങള്‍ സൈക്കിളില്‍  അധികപ്പറ്റാണെന്നും, സൈക്കിളിന്റെ ആത്മാവ് കുടികൊള്ളുന്നത് ടയറിനുള്ളിലെ കാറ്റിലാണെന്നും ഞാന്‍ മനസിലാക്കി...  തിയറി ക്ലാസ്സ്‌ കഴിഞ്ഞു... പ്രാക്റ്റിക്കല്‍ തുടങ്ങി...

രണ്ടുകയ്യും രണ്ടുകാലും വച്ചു ഞാനെന്തൊക്കെ ചെയ്താലാ... വളക്കണം, തിരിക്കണം, ചവിട്ടണം, പിടിക്കണം... എന്റമ്മോ... പക്ഷെ ഇതൊന്നും പഠിച്ചില്ലെങ്കിലും ഞാനാദ്യ ദിവസം തന്നെ  സൈക്കിള്‍ മറിക്കാന്‍ പഠിച്ചു... കൂട്ടുകാരന്റെ വക ഒടുക്കത്തെ ചീത്ത... ഇപ്പോഴെങ്ങാനുമാണെങ്കില്‍... ഞാനേ പോളിടെക്നിക്കില്‍  പഠിച്ചതാ യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതിയൊന്നും നീ എന്നെ പഠിപ്പിക്കെണ്ടാടാ പുല്ലേ... എന്നു പറഞ്ഞനെ... പക്ഷെ കഷ്ടകാലത്തിനു അന്ന് ഞാന്‍  പത്താം ക്ലാസ്സ്‌ പോലും പഠിച്ചിരുന്നില്ലല്ലോ... എല്ലാത്തിനും ഒടുക്കം എന്റെ കുറച്ചു കമ്പനി പെയിന്റു കളഞ്ഞും പെഡലില്‍ നിന്നു കാലുതെന്നി ( പിന്നീടെന്തു സംഭവിച്ചു എന്നു ഞാന്‍ പറയില്ല.. എനിച്ചു നാണവാ... ങ്ങും )   കുറേ തവണ ഈരേഴു പതിന്നാലുലോകവും  കണ്ടും ( അപ്പോളൊക്കെ തലയ്ക്കു ചുറ്റും കിളികള്‍ക്ക് പകരം വട്ടം ചുറ്റിയിരുന്നത്   ക്രണീം... ക്രണീം... എന്ന ബെല്ലോടു കൂടിയ സൈക്കിളുകളായിരുന്നു ) ഒരുവിധം പണി പഠിച്ചു... അപ്പോഴേക്കും കാരുണ്ണ്യവാനായ എന്റെ കൂട്ടുകാരന്റെ ശകടം കട്ടപ്പുറത്തായിരുന്നു...

ഇനിയിപ്പോ സ്വന്തമായി ഒരു  സൈക്കിള്‍  വേണം... അച്ഛാ ഞാന്‍ പഠിച്ചു, കണ്ടില്ലേ... എന്നറിയിക്കാനായി കൂട്ടുകാരുടെ സൈക്കിളൊക്കെ  എടുത്തു അച്ഛന്റേം അമ്മേടേം മുന്‍പില്‍ കൂടി നെഞ്ചും വിരിച്ചു ചവിട്ടിനോക്കി... അച്ഛന്‍ മൈന്‍ഡ് ചെയ്യുന്നില്ല, അമ്മ അത്രകൂടി മൈന്‍ഡുചെയ്യുന്നില്ല ... ഒടുക്കം അവസാന ആശ്രയം എന്ന നിലയ്ക്കു പള്ളിയില്‍ പോയി ഘടാഘടിയന്‍ പ്രാര്‍ത്ഥന തുടങ്ങി... മാസങ്ങള്‍ കൊഴിഞ്ഞു പോയി ഒരു റെസ്പോണ്‍സുമില്ല... പ്രാര്‍ത്ഥനയുടെ കൂടെ തിരികത്തീരും  തുടങ്ങി... എന്നിട്ടും രക്ഷയില്ല... മൊബൈല്‍ ഫോണിന്റെ അഭാവത്തില്‍ പള്ളിയില്‍ പോയി മാതാവിനെ അടിച്ചോണ്ട് വന്നിട്ട്  അമ്മയെ ജീവനോടെ കാണണെങ്കില്‍  ഇന്ന് വൈകുന്നേരത്തിനുള്ളില്‍ എനിക്ക് ഒരു സൈക്കിള്‍ മേടിച്ചുതന്നേക്കണം എന്നും പറഞ്ഞു യേശുക്രിസ്തുവിനു കത്തെഴുതുന്ന ടിന്റുമോന്റെ ഐഡിയ  എനിക്ക് തോന്നിയതുമില്ല...

അങ്ങനയെരിക്കെ ഒരു ക്രിസ്തുമസ്  കാലത്ത്  എന്റെ പ്രാര്‍ത്ഥന ഏറ്റു, അച്ഛനു നല്ല ബുദ്ധി തോന്നി ... ഞാനുമൊരു സൈക്കിള്‍ മുതലാളിയായി... BSA  SLR , എന്നെ പോലെ മെലിഞ്ഞ സൈക്കിള്‍... എന്റെ പ്രാര്‍ത്ഥനയും  കത്തിച്ച തിരിയുടെ എണ്ണവുമെല്ലാം വച്ചു നോക്കുമ്പോ ഒരു 200CC പള്‍സറെങ്കിലും കിട്ടേണ്ടതാണ്... ആ പോട്ടേ... പത്തു ദിവസം പട്ടിണികിടന്നവനു ചക്കക്കൂട്ടാന്‍ കിട്ടിയപോലെ എനിക്കപ്പോ അതിനെ  R15 ആയിട്ടുവരെ തോന്നി... നേരേ അതും  എടുത്ത്  മെയിന്‍ റോഡിലേക്ക് ഇറങ്ങി... ആദ്യമായാണ്  മെയിന്‍ റോഡിലൂടെ സൈക്കിള്‍ ചവിട്ടുന്നത് അതും എന്റെ സ്വന്തം സൈക്കിള്‍... ആഞ്ഞു ചവിട്ടി... റോഡിലൂടെ പോകുന്നവര്‍  എല്ലാരും എന്നെ നോക്കുന്നു... നടക്കുന്നവരും വണ്ടിയില്‍  പോകുന്നവരും  എല്ലാം എന്നെ നോക്കുന്നു... ഞാന്‍ വീണ്ടും ആവേശത്തോടെ ആഞ്ഞുചവിട്ടി... ഒരു വളവുതിരിഞ്ഞു അതാ ഒരു പാണ്ടിലോറി... ഞാന്‍ ബെല്ലടിച്ചു, ലോറിക്കാരന്‍ ഹോണടിച്ചു... എന്റമ്മെ... ലോറി എന്റെ നേരെ  വരുന്നു... ബ്രേക്കെവിടെ ബെല്ലെവിടെ... ഞാന്‍ സൈക്കിള്‍ എങ്ങോട്ടോ തിരിച്ചു... ഒരുനിമിഷം....ജീവിതം തീര്‍ന്നു...

ഞാന്‍ കണ്ണ് തുറന്നു ഭാഗ്യം ഒന്നും സംഭവിച്ചില്ല... ഞാനും സൈക്കിളും റോഡരികിലെ  കാനയില്‍ സേഫ് ലാന്‍ഡ്‌ ചെയ്തിരിക്കുന്നു... അകന്നു  പോകുന്ന പാണ്ടിലോറിയിലെ   കിളി  പുറത്തേക്ക് തലയിട്ടു എന്തെക്കയോ വിളിച്ചു പറയുന്നു... മുട്ടിലെ മുറിവില്‍ നിന്നും ചോര വെള്ളത്തോടു ചേര്‍ന്നൊഴുകുന്നു...    എല്ലാം ലൈവ് ആയി കണ്ടുനിന്ന നാട്ടുകാരിലൊരാള്‍ എന്നെയും സൈക്കിളിനെയും കാനയില്‍ നിന്നു പൊക്കിയെടുത്തു... ആ കാഴ്ച കണ്ടു എന്റെ ഹ്രദയം തകര്‍ന്നു, മനസ്സുവിങ്ങി... നല്ല വട്ടത്തിലിരുന്ന മുന്നിലത്തെ ടയര്‍ ഇപ്പൊ എട്ടു ( 8 ) പോലെ... പുള്ളിതന്നെ എന്നേം സൈക്കിളിനെയും വീട്ടിലെത്തിച്ചു... അച്ഛന്റെ ചെവിയിലെന്തോ ഓതിക്കൊടുത്തിട്ടു സ്നേഹ സമ്പന്നനായ നാട്ടുകാരന്‍ പോയി... 

അമ്മയുടെ നെഞ്ചത്തടിച്ചു കരച്ചിലും അച്ഛന്റെ ചീത്തയും പേടിച്ചു ഞാന്‍ നേരെ കട്ടിലില്‍ കയറി കിടപ്പായി... ഏതായാലും അച്ഛന്‍ പിറ്റേന്നു തന്നെ  സൈക്കിള്‍ നന്നാക്കിക്കൊണ്ടുവന്നു...      എന്നിട്ടെന്റയടുത്തുവന്നു ഒരു ഉപദേശവും... മോനിനി  സൈക്കിളും കൊണ്ട്  മെയിന്‍ റോഡിലേക്കു ഇറങ്ങണ്ട  അഥവാ ഇനി ഇറങ്ങിയാല്‍ തന്നെ  റോഡിന്റെ ഇടതു വശം ചേര്‍ന്നു  വേണം  പോകാന്‍... മറക്കരുത്.... എന്റെ തലയില്‍ എന്തോ മിന്നി... ഇനി മിന്നീട്ടെന്താ കാര്യം സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചില്ലേ....    





ക്രണീം: ഇതുകൊണ്ടൊന്നും ഞാന്‍ തോറ്റില്ല... ആ സൈക്കിള്‍ കൊണ്ടു ഞാനൊരു  മഹാഭാരതം തന്നെ  രചിച്ചു, ലോകപര്യടനങ്ങള്‍ നടത്തി..... ങാ.... അതൊക്കെ പിന്നെ പറയാം.... 

സ്വന്തം ലുട്ടുമോന്‍.... :)  

 

81 Responses so far.

  1. അപ്പോള്‍ ഇടിച്ചു ഇടിചില്ലാ...അല്ലേ ..നാട്ടാരെല്ലാം സൈക്കിളില്‍ പോകുന്ന ഒരു കാലം അത് വരണം എന്തേ അതെന്നെ ?

  2. ""കൂട്ടുകാരന്റെ വക ഒടുക്കത്തെ ചീത്ത... ഇപ്പോഴെങ്ങാനുമാണെങ്കില്‍... ഞാനേ പോളിടെക്നിക്കില്‍ പഠിച്ചതാ യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതിയൊന്നും നീ എന്നെ പഠിപ്പിക്കെണ്ടാടാ പുല്ലേ... എന്നു പറഞ്ഞനെ.""
    ഹഹ കിടിലന്‍ തമാശ
    നല്ല പോസ്റ്റ്‌

  3. മോനേ ഇടതും വലതുമൊക്കയല്ലേ ആദ്യം പഠിക്കണ്ടെ...??
    ഏതായാലും നന്നായിട്ടുണ്ട്...

  4. സൈക്കിള്‍ ചക്രവും ഇന്ത്യയുടെ ഭാവിയും തമ്മിലെന്താ ബന്ദം...? ആ എന്തായാലും മറിക്കാന്‍ ആദ്യമേ പഠിച്ചല്ലോ മിടുക്കന്‍

  5. ഇപ്പോഴത്തെ കുട്ടികള്‍ പെറ്റു വീഴുന്നത് തന്നെ സയ്ക്കിളില്‍ ആണ് ഇത് ലുട്ടുമോനോ ലുട്ടു അപ്പൂപ്പനോ ?ഏതായാലും ആശംസകള്‍ .

  6. അരുൺജി...നന്നായിട്ടുണ്ട്..

    ഒരു സൈക്കിൾ സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ബാല്യങ്ങൾ വിരളമാണ്..(ഇന്നല്ല പണ്ട്)..
    ഞങ്ങൾ കുറച്ച് പേർ പണ്ട് വാടകയ്ക്ക് സൈക്കിൾ എടുത്ത് പഠിക്കാൻ പോയിട്ട് അവസാനം ഒരു പെട്ടി ഓട്ടോറിക്ഷയിൽ പലപാർട്ട്സ് ആയി അതും കൊണ്ട് തിരിച്ച് വന്നിരുന്നു..

    കടക്കാരനു ഒരു സൈക്കിളിന്റെ വില കൊടുക്കണ്ടി വന്നു...
    ഇന്ന് ആ കട ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് ആയി...

    :)

  7. ഒരു സൈക്കിളിനു എന്തൊക്കെ ചെയ്യാനാവുമെന്ന് ചോദിച്ചാല്‍...

    കുറഞ്ഞ ദൂരങ്ങള്‍ സൈക്കിളില്‍ സഞ്ചരിച്ചാല്‍... ഇന്ധന ലാഭം, മലിനീകരണം കുറയ്ക്കാം, ആരോഗ്യം കൂട്ടാം, കുടവയര്‍ കുറയ്ക്കാം, മരുന്നുണ് ചെലവിടുന്ന കാശു ലാഭം... കൂടെ മനസിനിത്തിരി സന്തോഷവും...

    ( ദിവസേന സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യവും രോഗ പ്രതിരോധ ശേഷിയും കൂടുതലാണ് എന്ന് പഠനങ്ങള്‍ പറയുന്നു )

    ഇതുകൊണ്ടോക്കയാണ്‌ ചൈന പോലുള്ള രാജ്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ സൈക്ലിംഗ് പ്രവത്സാഹിപ്പിക്കുന്നത്...

  8. @ആചാര്യന്‍

    ഇടിച്ചില്ലേലും ഞാന്‍ ഇടി കൊണ്ട അവസ്ഥയിലായി... :)

    @സിവില്‍ എഞ്ചിനീയര്‍

    ശ്രീനി ചേട്ടന്റെ ഡയലോഗിന്റെ ഒരു പഞ്ച് ..... ഇഞ്ചിനീരാല്ലെ.... :)

    @Vikram Guru

    ഇപ്പൊ എല്ലാം പഠിച്ചു..... ലെഫ്റ്റ്... റൈറ്റ്.... ലെഫ്റ്റ്... റൈറ്റ്... :)

    @ദേവന്‍

    വീഴ്ചകള്‍ വിജയത്തിലേക്കുള്ള ചവിട്ടു പടിയോ ലിഫ്റ്റോ ഒക്കയല്ലേ ചേട്ടാ... :)


    @സിയാഫ് അബ്ദുള്‍ഖാദര്‍

    കഥ നടന്നത് ഞാന്‍ 7ല്‍ പഠിക്കുമ്പോഴാ... 10 വര്‍ഷം മുന്‍പ് ...

    @അപരിചിതന്‍

    കടക്കാരന്‍ ഓട്ടോയുടെ വിലയാ വാങ്ങിയത് അല്ലെ... :)

    ഇവിടെ വന്നവര്‍ക്കും കമന്റിയവര്‍ക്കും നന്ദി...
    ബാക്കിയുള്ള നന്ദി കമന്റ്‌ ആയി തരാം... :)

  9. നല്ല പോസ്റ്റ്, അരുൺ! ചിരിയും, അല്പം ചിന്തയും..

    ആദ്യമായി സൈക്കിൾ ഓടിച്ച് നാട്ടുവഴികളിലൂടെ ചെത്തുന്നത് ഒരു അനുഭവം തന്നെയാണു. ഞാൻ നാലാം ക്ളാസ് മുതൽ 23 വയസ്സു വരെ ഒരു ഹീറോ സൈക്കിൾ ഉപയോഗിച്ചിരുന്നത് ഓർക്കുന്നു. ഗൾഫിലേയ്ക്ക് വരുന്നതിന്റെ തലേന്ന് അതു വിറ്റു കിട്ടിയത്..നൂറു രൂപ..ഇന്നും ഓർക്കുന്നു.

    ആദ്യമായാണു ഇവിടെ..ഇനിയും വരാം

  10. cycle puraanam nalla ozhukkode avatharippichu.... Hridyamaaya vaayana.... Aashamsakal...

  11. nannayittundu. ente kuttikalam orma varunnu. njanum kure prarthichanu cycle kittiyathu.ente ormakale unarthi vittathinu thanks.........

  12. എന്റെ സൈക്കിൽ ഒരു സ്ട്രീറ്റ് ക്യാറ്റ് ആയിരുന്നു. ഒരു സ്കൂട്ടറുകാരനെ ഇടിച്ചു വീഴ്തി തലപൊട്ടിച്ചതല്ലാതെ തടി ചീത്ത ആകുന്ന പണി ഒന്നും ചെയ്തിട്ടില്ല :)...

  13. Anagha says:

    Njan Cycle Padichathu Naalu chakkrathilaa.... :)

    Any way Nice Post...

  14. Arif Zain says:

    എന്‍റെ ദ്വിചക്ര സവാരി പഠന ദുരന്തം വെച്ച് നോക്കുമ്പോള്‍ അരുണിന്‍റെത് ഒന്നുമല്ല. ഞാന്‍ ആദ്യം സൈക്കിള്‍ ചവിട്ടിയത് വയല്‍ നിരപ്പില്‍ നിന്ന് ഒന്നര ആളുടെ ഉയരമുള്ളതും ഒന്നര മീറ്റര്‍ വീതിയുള്ളതുമായ പാടവരമ്പിലൂടെയായിരുന്നു. മെയ്ന്‍ റോഡിലേക്ക് ഇറങ്ങരുതെന്ന് കല്ലേ പിളര്‍ക്കുന്ന കല്പന ഉണ്ടായിരുന്നുവല്ലോ... അത് എഴുതാന്‍ എനിക്ക് കഴിയില്ല, ആ ജാതി വേദന.. ഓര്‍ക്കാന്‍ തന്നെ കഴിയുന്നില്ല. അത് കൊണ്ട് പോസ്റ്റ്‌ ആക്കുന്നുമില്ല.

  15. സൈക്കിള്‍ പുരാണം നന്നായി .......എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  16. കലക്കീണ്ട് ലുട്ടു..
    പക്ഷേ, ബല്യ ബല്യ പാരഗ്രാഫ്‌ ആയതോണ്ട് ബായ്ക്കാന്‍ തോനെ ഫുത്തിമുട്ടി..
    ഇന്നാലും ഇജാള് പുളിയാടാ..സോറി പുലിയാടാ....

  17. നന്നായി വിവരിച്ചു അരുണ്‍..എന്തായാലും കനാലില്‍ നിന്ന് എണീറ്റപ്പോള്‍ "ആ ചിരി" തന്നെ ചിരിച്ചല്ലോ അല്ലെ?..

  18. സൈക്ലിനോട് തോന്നിയ ഹ്രദയബന്ധം ബൈക്കിനോടോ കാറിനോടോ ഒന്നും തോന്നിട്ടില്ല... ഒരു പക്ഷെ സൈക്കിള്‍ ഏറ്റവും കഷ്ടപ്പെട്ട് "കമ്പനി പെയിന്റു കളഞ്ഞും പെഡലില്‍ നിന്നു കാലുതെന്നി കുറേ തവണ ഈരേഴു പതിന്നാലുലോകവും കണ്ടും" പടിച്ചതിനാലവാം...

  19. വന്ന എല്ലാവര്‍ക്കും നന്ദി.... വരാനിരിക്കുന്നവര്ക്കും നന്ദി....

    @Biju Davis,Absarikka,വാല്യക്കാരന്‍,ഒരു കുഞ്ഞുമയില്‍പീലി,Arif Zain,Anagha... നന്ദി....

    @പഥികൻ: സത്യം പറ ആരുടെ തലയാ ശരിക്കും പൊട്ടിയത് ?? :)

    @Vikram Guru: ശരിയാണ്

    @kaattu kurinji:തന്നെ തന്നെ... ഈ കിളി... :P

    തുടര്‍ന്നും അഭിപ്രായം അറിയിക്കുക... നന്ദി....

  20. ഞാന്‍ കണ്ണ് തുറന്നു ഭാഗ്യം ഒന്നും സംഭവിച്ചില്ല... ഞാനും സൈക്കിളും റോഡരികിലെ കാനയില്‍ സേഫ് ലാന്‍ഡ്‌ ചെയ്തിരിക്കുന്നു.

    ഇത് പോലുള്ള സേഫ് ലാണ്ടിങ്ങുകള്‍ ആണ് ബാല്യ കൌമാരങ്ങളുടെ ഹൈ ലൈറ്റ് .... താങ്കള്‍ ഈ സൈക്കിള്‍ വഴി ഓര്‍മകളെ പുറകിലോട്ടു കൊണ്ട് പോയി ... ആശംസകള്‍

  21. Anjana says:

    Cycle Padikkathathu Nashtamai Pooyi... License Testinu scootyumai Chennappol Thonniyathanu... Kollam... Keep it Up...

  22. 'സൈക്കിളിന്റെ ആത്മാവ് കുടികൊള്ളുന്നത് ടയറിനുള്ളിലെ കാറ്റിലാണെന്നും..'
    Super!. My wishes. Keep writing.

  23. കൂട്ടുകാരന്‍ റോഡിന്റെ വലതുവശത്തുകൂടി സൈക്കിളുമോടിച്ചുകൊണ്ട് പോകുംബോള്‍ ഞാന്‍ പറഞ്ഞു.. എടാ.. ഇടതുവശത്തുകൂടെ ഓടിക്കെടാ... 'എനിക്കിതാ ഇഷ്ടം' എന്നായിരുന്നു അവന്റെ മറുപടി...

    നര്‍മ്മം നന്നായിട്ടുണ്ട്... നല്ല രസമുള്ള വായന... ആശംസകള്‍

  24. RAJEEV says:

    ഇന്നലത്തെ ഓര്‍മ്മകള്‍ ഒരുതരം നൊസ്റ്റാല്ജിക്കാണ്‍ അല്ലേ......ഈ സൈക്കിളും വളരെ നൊസ്റ്റാള്ജിക്കായി.......

  25. ഹൊ അങ്ങിനെ മറിക്കാന്‍ പഠിച്ചല്ലൊ കൊള്ളാം, സൈക്കിള്‍കൊണ്ട് മഹാഭാരതം ഹൊ അതും ഭയങ്കരം :)

  26. khaadu.. says:

    പലവട്ടം വീഴുമ്പോള്‍ നടക്കാന്‍ പഠിക്കും....
    പലകുറി കരയുമ്പോള്‍ ചിരിക്കാന്‍ പഠിക്കും....
    :
    ::
    സൈക്കിളില്‍ നിന്ന് വീഴാതവരുണ്ടാവുമോ...?

    നന്നായി എഴുതി...ആശംസകള്‍...

  27. അച്ഛന്റെ ഉപദേശം ശരിക്കും ചിരിപ്പിച്ചു നല്ല ഹാസ്യം

  28. ഹ ഹ എനിക്കും ഇതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ട് പക്ഷെ ഇതുപോലെയല്ല വളവില്‍ ഒടിക്കാന്‍ മറന്നു സൈക്കിള്‍ നേരെപോയത് ഞാറുനട്ട പാടത്തിലേക്ക്,ഇതുവായിച്ചപ്പോള്‍ എനിക്ക് എന്റെകുട്ടിക്കാലം മനസ്സില്‍ ഓടിവന്നു.നനയിട്ടുണ്ട് ഇനിയും വരാം

  29. നമ്മുടെ കുട്ടിക്കാലം എത്ര സുന്ദരം .... അതൊക്കെ വീണ്ടും തിരിച്ചു കിട്ടിയിരുന്നു എങ്കില്‍ .... സസ്നേഹം ...

  30. ഇവിടെ വന്നവര്‍ക്കും കമന്റിയവര്‍ക്കും എല്ലാവര്‍ക്കും നന്ദി... :)
    @വേണുഗോപാല്‍ ,Anjana,Sabu M H, ഷബീര്‍ - തിരിച്ചിലാന്‍, RAJEEV, ഷാജു അത്താണിക്കല്‍, khaadu.. ,കൊമ്പന്‍, ഇടശ്ശേരിക്കാരന്, വഴിയോരകാഴ്ചകള്‍... എല്ലാവര്‍ക്കും നന്ദി... :)

  31. മഹനേ..ലുട്ടൂ..
    എഴുത്ത് എനിക്കിഷ്ട്ടായീട്ടോ..!
    നല്ല ഒഴുക്കുള്ള അവതരണം..
    അതോണ്ട് തന്നെ രസകരമായി വായിക്കാം..
    ഇവിടെ വമ്പന്‍ ഓഫറു കണ്ടകാരണം..ഞാന്‍ കേറി ഫോളോവറായി..!

    ആശംസകളോടെ...പുലരി

  32. Anonymous says:

    എനിക്ക് കിട്ടിയത് സെക്കന്റ്‌ ഹാന്‍ഡ് ഹെര്‍ക്കുലീസ്...മ്മടെ കയ്യിലിരുപ്പിന് അതെ പറ്റൂ ...

  33. സൈക്കിള്‍ പുരാണം കലക്കി..

  34. 'മൊബൈല്‍ ഫോണിന്റെ അഭാവത്തില്‍ പള്ളിയില്‍ പോയി മാതാവിനെ അടിച്ചോണ്ട് വന്നിട്ട് '

    ഈ മുകളിൽ പറഞ്ഞതിന്റെ ഭാവനാപരമായ ഔന്നത്യം എനിക്ക് മാത്രം മനസ്സിലായി ട്ടോ, നല്ല വിവരണമാ ട്ടോ........എഴുത്ത് തുടർന്നുകൊണ്ടേയിരിക്കുക. ഞാൻ വളരെ ടൈം എടുത്തേ അമന്റൂ.എന്ന് പറഞ്ഞാൽ നീ വിചാരിക്കും ഞാൻ ഭയങ്കര ബുദ്ധിജീവിയാണെന്ന്.അതല്ല എനിക്ക് ഒരുപാട് തവണ വായിച്ചാലേ എന്തേലും തലയിൽ കയറൂ ,അതോണ്ടാ. അപ്പൊ ഒരുപാട് ആശംസകൾ ട്ടോ

  35. ഒരു കാലത്തെ സാധാരണക്കാരന്റെ ഇഷ്ടവാഹനം .
    സ്കൂള്‍ മുറ്റത്തും ഓഫീസ് പരിസരങ്ങളിലും നിരനിരയായി തങ്ങളുടെ ഉടമയെയും കാത്ത് കിടക്കുന്ന സൈക്കിള്‍ കൂട്ടങ്ങള്‍.

    സൈക്കിള്‍ ചവിട്ടാന്‍ അറിയാതിരിക്കുന്നത് വലിയ ഒരു കുറവായി പരിഗണിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

    പരിസര മലിനീകരണം ഉണ്ടാക്കാത്ത ഈ വാഹനം നമ്മുടെ കണ്മുമ്പില്‍ നിന്ന് മെല്ലെമെല്ലെ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു..

    ഓര്‍മ്മകളില്‍ പത്രങ്ങളുടെ , പാലിന്റെ,
    ദൂരെ ദിക്കുകളില്‍ നിന്നു നമ്മെ തേടിയെത്തുന്ന കത്തുകളുടെയൊക്കെ
    രൂപത്തില്‍ ഒരു ബെല്ലടി ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നുണ്ട് ..

    എല്ലാ വാഹനങ്ങളും വീഥികളില്‍ തിക്കും തിരക്കും പരിസര മലിനീകരണവും അപകട മരണങ്ങളും സൃഷ്ടിക്കുമ്പോള്‍ ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കാതെ ഈ വാഹനം നിശ്ശബ്ദമായി കടന്നു പോകുന്നു..

    ഇന്നത്തെ വാഹനങ്ങള്‍ കീശയും ആരോഗ്യവും ക്ഷയിപ്പിക്കുമ്പോള്‍
    ഈ വാഹനം കീശ മാത്രമല്ല ആരോഗ്യത്തെ കൂടി സംരക്ഷിക്കുന്നു..

    ഒരു സൈക്കിളില്‍ നിന്ന് വീണ ചിരി ചിരിക്കാത്ത ആരെങ്കിലുമുണ്ടാകുമോ നമ്മുടെ കൂട്ടത്തില്‍?

  36. ഇവിടെയും സൈക്കിള്‍ ആണ് വാഹനം. . ഞാനും ഒരു സൈക്കിള്‍ വാങ്ങാന്‍ അച്ഛന്റെ പിറകെ കുറെ നടന്നിട്ടിണ്ട്. വീട്ടില്‍ ഇപോ മൂന്നാമത്തെ സൈക്കിള്‍ വാങ്ങി. . എന്റെ രണ്ടാമത്തെ അനിയന് വേണ്ടി. . അവന്റെ സൈക്കിള്‍ ഓടിക്കാനുള്ള ആര്‍ത്തി കാണുമ്പോള്‍ ഞാനും എന്റെ ആ കാലം ആലോചിക്കാറുണ്ട്

  37. Unknown says:

    ഹ ഹ നന്നയി

  38. അല്ലെങ്കിലും ഒന്ന് വീഴാതെ ആരെങ്കിലും സൈക്കിള്‍ പഠിച്ചിട്ടുണ്ടോ..?

  39. ഹാ ഹ .. നന്നായി..
    പിന്നേ, ബൈസികില്‍ തീവ്സ് എന്നാ വ്യഖ്യാതമായൊരു സിനിമയുണ്ട്.
    ആ ഹെഡിംഗ് ഓര്‍ത്തുപോയി ബൈസിക്കിള്‍ മെമ്മറീസ് എന്ന് കണ്ടപ്പോ..

  40. പലവട്ടം വീണു വീണു ചോര പൊടിഞ്ഞ നാളുകള്‍ ഓര്‍ത്തു പോയി .എഴുത്തിനു ആശംസകള്‍

  41. എത്രയെത്ര സൈക്കിളുകള്‍... എത്രയെത്ര വീഴ്ചകള്‍. അതൊക്കയൊരു കാലം...

  42. anamika says:

    കൊള്ളാം!!!
    വന്നത് വെറുതെ ആയില്ല

  43. Unknown says:

    നര്‍മ്മം നന്നായിട്ടുണ്ട്... നല്ല രസമുള്ള വായന

  44. സൈക്കിള്‍ യജ്ഞം അടിപൊളിയായിരിക്കുന്നു..

  45. ഒരു ദിവസം പട്ടിണി കിടന്നു സമരം ചെയ്ത ഞാന്‍ സൈക്കിള്‍ നേടിയെടുത്തത്,
    അത് കൊണ്ടു ഞാന്‍ പോവാത്ത സ്ഥലം നന്നേ കുറവ്,
    ഇന്ന് അത് കുറച്ചു തുരുമ്പ് കയറി വീടിന്റെ പിറകില്‍ എവിടെയോ ഉണ്ട്, ഒരിക്കല്‍ അനിയന്‍ അത് അക്ക്രി കടക്കാരന് വില്‍ക്കാന്‍ ശ്രമിച്ചതാ ഞാന്‍ സമ്മതിച്ചില്ല. ചവിട്ടി തീരത ഒരു കാലഘട്ടത്തിന്റെ സ്മാരകം പോലെ അത് നില്കുന്നുണ്ടാവും

  46. എല്ലര്‍ക്കുമുള്ള നന്ദി അവരവരുടെ കമന്റ്‌ ബോക്സുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്‌... വരാനിരിക്കുന്നവര്‍ക്ക് അഡ്വാന്‍സ്‌ നന്ദി... :)

  47. M. Ashraf says:

    സൈക്കിളിനെ പ്രോത്സാഹിപ്പിച്ചേ പറ്റൂ. കാറുകളുടെ ഈ ജിദ്ദാ മഹാനഗരത്തില്‍ ബസുകളെയെങ്കിലും പ്രോത്സാഹിപ്പിച്ചെങ്കില്‍ എന്നും തോന്നിയിട്ടുണ്ട്.
    നല്ല കുറിപ്പിന് അഭിനന്ദനങ്ങള്‍. ലുട്ടുവിനൊരു കുട്ട

  48. ലുട്ടു .. ആദ്യമായിട്ടാ ഇവിടെ വന്നത്.. ആദ്യം കണ്ട പോസ്റ്റ്‌ തന്നെ കലക്കി ..
    ഞങ്ങള്‍ വടകരക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ...
    "ഇഞ്ഞി ഉശാറായി എയുതി..."
    ആ ടിന്റു മോന്റെ കോമഡി വേണായിരുന്നോ ? ..
    അല്ലാതെ തന്നെ ഞങ്ങള്‍ ആസ്വദിക്കുന്നുണ്ടായിരുന്നു ..
    ഏതായാലും താങ്ക്സ് ,,, ഒരു നല്ല പോസ്റ്റിനു ..
    അതിനൊപ്പം തന്നെ ആദ്യത്തെ സ്വന്തം കമന്റിനും ...
    ആ.. ഒരു കാര്യം പറയാന്‍ വിട്ടു.. about me പൊളിച്ചു മാഷേ ..
    ഇതുപോലൊരെണ്ണം എനിക്കും എഴുതി തരാമോ>? വെറുതെ വേണ്ട ..
    ഞാന്‍ ഇടക്കിടക്ക് കമന്റ്‌ ഇടം :) .... ( കാശായിട്ട് ഒന്നും പ്രതീക്ഷിക്കരുത്
    പ്ളീസ് )
    സ്നേഹപൂര്‍വ്വം

  49. ഒരു സൈക്കിളിൽ ഇത്രയും സംഗതികൾ...ഹാ ഹാ.... :)

  50. അവന്റെ വിവരണത്തില്‍ നിന്നും ബെല്ല് , ബ്രേക്ക് തുടങ്ങിയ സാധനങ്ങള്‍ സൈക്കിളില്‍ അധികപ്പറ്റാണെന്നും, സൈക്കിളിന്റെ ആത്മാവ് കുടികൊള്ളുന്നത് ടയറിനുള്ളിലെ കാറ്റിലാണെന്നും ഞാന്‍ മനസിലാക്കി...

    കലക്കി..നല്ല നര്‍മ്മം. പഴയ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി.വാടകക്ക് എടുത്തായിരുന്നു സൈക്കിള്‍ പഠിച്ചത് കുറെ ഗുരുക്കന്മാരും ഉണ്ടായിരുന്നു:)
    എന്നാല്‍ ഇനിയും വരാംട്ടോ.

  51. യാഹൂ.... അങ്ങനെ ഒരു 50 ഒപ്പിച്ചു... ഞാനീ കീ ബോര്‍ഡ്‌ പൊക്കി എന്റെ തലക്കടിച്ചു എല്ലാവരോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു.... ബാക്കി നമുക്ക് കമന്റ്‌ ബോക്സില്‍ കാണാം.... ഏത്.... :P

  52. കൊള്ളാലോ വീഡീയോണ്‍..!ഇപ്പൊ ഇതൊക്കെ കഴിഞ്ഞിട്ട് എത്ര വര്ഷ്മായി.. ഇതു പോലെയുള്ള ഒര്മ്മകള്‍(അതിജീവനത്തിന്‍റെ..) പിന്നീട് ഒത്തിരി സന്തോഷവും സുഖവുമുള്ള ഏര്‍പ്പാടാണ് ഇല്ലേ :)

  53. സൈക്കിള്‍ ഒരു സ്വപ്നം ആയിരുന്നു എനിക്കും.പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം.പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള കോളജില്‍ സൈക്കിളില്‍ പോകാമെന്ന് ഞാന്‍ ശഠിച്ചു.വീട്ടില്‍ അനുവദിച്ചില്ല. ആ മോഹം പതുക്കെ എന്നെ വിട്ടു പോയി. മുതിര്‍ന്നപ്പോള്‍ സ്വന്തമായി സൈക്കിള്‍ ലഭിച്ചു. ഇന്നും സൈക്കിളിനോട്‌ എനിക്ക് കമ്പം ഉണ്ട്, ലളിതമായ ജീവിതത്തിന്റെ ചിഹ്നം എന്ന നിലയില്‍.

  54. anamika says:

    എനിക്ക് ഓര്‍മ ഓര്‍മ വന്നത് ... എന്റെ ചേട്ടന്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചതായിരുന്നു ... പഠിച്ചത് എന്റെ നെഞ്ചത്ത് ആണെന്ന് മാത്രം... ഏട്ടന്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചത്... ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി... കഴുത്തോടിഞ്ഞു... പിന്നെ കുറച്ചു കാലം "പിടലി " ആയി നടന്നു

  55. Unknown says:

    നല്ല ഓര്‍മ്മകള്‍ :)

  56. അപ്പോള്‍ ലുട്ടുമോനെ പുലിയാവാനുള്ള പുറപ്പാടിലാണോ ?
    ബൂലോകത്തെ പുലികളെല്ലാം ഒരു തമാശ ലൈനുകാരാണ്. ചിരിക്കാനും ചിന്തിക്കാനും കഴിയുന്ന കാര്യങ്ങള്‍ വായിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണല്ലോ... അങ്ങിനെ എഴുതി ഫലിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.അതുകൊണ്ടാണ് അത്തരം എഴുത്തുകാര്‍ പുലികളായി മാറിയത്...
    ഇപ്പോഴിതാ പുലിക്കൂട്ടത്തിലേക്ക് ലുട്ടുമോന്‍ പുലിക്കുട്ടിയും....

  57. Achu says:

    Funny n Interesting Keep Writing

  58. Jasmin says:

    രസകരമായ ഓര്‍മ്മകള്‍.... ചിരിപ്പിച്ചു....

  59. പൈമ says:

    സൈകിള്‍...പുലിവാല്‌ പിടിച്ച ലുട്ടുമോന്‍ ...നര്‍മ്മം നന്നയി വഴങ്ങും കേട്ടോ ഇത്തിരി ശ്രദ്ധിച്ചു ..അടുത്ത പോസ്റ്റ്‌ പോരട്ടെ

  60. വാടകക്ക് സൈക്കിള്‍ വാങ്ങി എന്ടെ ആങ്ങള ചവിട്ടുന്നത് കണ്ടു എനിക്കും ഒരാഗ്രഹം തോന്നി ഒന്ന് ചവിട്ടിനോക്കിയാലോന്നു ...ഞാന്‍ വാങ്ങി വലിയ ഗമയില്‍ കയറി കുറച്ചു ദൂരം ആങ്ങള പിടിച്ചു കൂടെ വന്നു പിന്നെ ഞാന്‍ പറഞ്ഞു മാറിക്കോളാന്‍....പോയി ഒരു വളവു വന്നു തിരിക്കാന്‍ എനിക്ക്‌ തോന്നീല്ല നേരെ പോയി ഒരു സ്റെപ്പ്‌ ഉള്ള വീടിന്‍റെ സ്റെപ്പ്‌ പോലും നോക്കി ഇറങ്ങാന്‍ നിന്നില്ല ...പിന്നെ എനിക്ക്‌ ഒന്നും ഓര്‍മയില്ല ...വാടകക്കാരന് പുതിയ സൈക്കിള്‍ കിട്ടി .....അയാടെ പാട്ട സൈക്കിള്‍ ആക്രികാര്‍കൊണ്ടും പോയി ...അത് നല്ല ഓര്‍മഉണ്ട് ....

  61. ലുട്ടൂസേ,
    പോസ്റ്റിലെ ആദ്യവരികളില്‍തന്നെ എല്ലാം അടക്കിവെച്ചതിനുള്ള സമ്മാനം കണ്ണൂരാന്‍ പാര്‍സലായി അയക്കുന്നു. കിട്ടിയാല്‍ അറിയിക്കണേ.

  62. ഒരു സൈക്കിൾ കഥ എല്ലാ ബാല്യ കൗമാരങ്ങൾക്കും പറയാൻ കാണും ഇല്ലെ.. രസകരമായി അവതരിപ്പിച്ചു... ആശംസകൾ..!!

  63. എന്റെ പ്രാര്‍ത്ഥനകളും പട്ടിണിസമരങ്ങളുമൊക്കെ തൂറ്റിപ്പോയതില്‍പ്പിന്നെ "ഉള്ളവന്‍" "ഇല്ലാത്തവനെ" നോക്കി ആഞ്ഞു ചവിട്ടുന്ന ഈ സാധനത്തെ അല്പ്പകാലം ഞാന്‍ വെറുത്തു. സൈക്കിള്‍മുതലാളിമാര്‍ വഴിയരികില്‍ തെന്നിവീഴാന്‍ ഉള്ളം കൊതിച്ചു. പലതവണ അത്തരം വീഴ്ചകള്‍ കണ്ട് കണ്ണു തള്ളിയെങ്കിലും മനം തുള്ളി!!

  64. കമന്റിയ എല്ലാവര്‍ക്കും നന്ദി.....

    @ സ്വന്തം സുഹൃത്ത് ,jayarajmurukkumpuzha, Kattil Abdul Nissar, anamika , നിശാസുരഭി, Pradeep paima, ആയിരങ്ങളില്‍ ഒരുവന്‍, Jasmin, Achu

    @ ചീരാമുളക്: കിട്ടാത്ത മുന്തിരി പുളിക്കും.... എനിക്കും.... :)

    @ kochumol(കുങ്കുമം): കൊള്ളം എല്ലിനും പല്ലിനും വല്ലതും പറ്റിയാര്ന്നോ?? :P

    @ Pradeep Kumar: ഞാന്‍ പുലിയല്ല സത്യം.... വല്ല വേട്ടക്കാരും കേട്ടാല്‍... എന്റമ്മെ... O:

    @ K@nn(())raan*കണ്ണൂരാന്‍!: കിട്ടി ബോധിച്ചു... :)

    പിന്നെ ഇവിടെ വന്നവര്‍ക്കും നന്ദി.... :)

  65. അല്ലെങ്കിലും ഈ സൈക്കിളെന്നു പറയുന്ന സാധനത്തെ വിശ്വസിക്കാൻ കൊള്ളില്ല.
    വട്ടത്തിൽ ചവിട്ടുമ്പോ നീളത്തിൽ പോകുന്ന കുന്ത്രാണ്ടമാ അത്.....

  66. ഇവിടെ വിവാദമുണ്ടാക്കാന്‍ ഒന്നും ഇല്ല
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

  67. ഇത് വായിച്ചപ്പോള്‍ ഒന്‍പതാം ക്ലാസ്സില്‍ കിട്ടിയ കടും പച്ച നിറത്തിലെ BSA വലിയ സൈക്കിള്‍ ഓര്‍മ്മ വന്നു. :-)

  68. പോരട്ടെ..അ മഹാഭരതം..സോറി മഹാഭാരതം

  69. ലുട്ടു കഥ ഉഷാറാട്ടോ , പണ്ട് സൈക്കിള്‍ പഠിച്ചത് ഓര്‍മ്മ വന്നു

  70. അപ്പൊ വലതു വശത്തൂടെയായിരുന്നു ല്ലേ സൈക്കിള്‍ സഫാരി..
    കൊള്ളാലോ..
    ചവിട്ടു പഠിപ്പിച്ച ചങ്ങാതി ഇത് പറഞ്ഞു തന്നില്ലായിരുന്നു ല്ലേ..
    u tooo brutus എന്ന് വിളിച്ചവനെ കാനയില്‍ തള്ളിയിടാന്‍ മേലായിരുന്നോ.. :)

  71. ഡേയ്, മാസം ഒന്നാകുന്നു.
    മര്യാദയ്ക്ക് വന്നു പോസ്റ്റിട്ടോ.
    ഇല്ലേല്‍ കണ്ണൂരാന്‍ വെടിവെക്കും..!

  72. കീ ബോര്‍ഡില്‍ A ഉടെ കീ ഞെങ്ങുന്നില്ല.... കീ ബോര്‍ഡ്‌ മറ്റാന്‍ കാശ് ഇല്ല... വാട്ട്‌ ടു ഡൂ... :(

    എന്നാലും അടുത്ത പോസ്റ്റ്‌ ക്രിസ്തുമസിനു മുന്‍പ് ഉറപ്പു... എന്നെ വെടിവച്ചു കൊല്ലല്ല് ..... ലേലു അല്ലു.... ലേലു അല്ലു.....

  73. TPShukooR says:

    ചൈനക്കാര്‍ മുപ്പതിനായിരം രൂപയ്ക്കു സൈക്കിള്‍ ഇറക്കി എന്ന് വായിച്ചിരുന്നു. എല്ലാ ഗിയറും ഉള്ള പെട്രോള്‍ വേണ്ടാത്ത സൈക്കള്‍ നല്ല രസമായിരിക്കും. ഇനി അതിറങ്ങിയാല്‍ ഒന്ന് കിട്ടുമോ എന്ന് നോക്കണം.

    പോസ്റ്റ്‌ രസകരമായി എഴുതി.

  74. khaadu.. says:

    പുതിയ പോസ്റ്റ്‌ വല്ലതും......????

  75. സൈക്കിൾ കഥ നന്നായിട്ടോ.. എന്റെ നോട്ടിലും ഒരു കഥയുണ്ട്
    http://www.facebook.com/note.php?note_id=10150265782778878

  76. നല്ല സൈക്കിള്‍ കഥ ... ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു ...

  77. ck sreehari says:

    തകര്‍ത്തു ട്ടാ ഗടി..

  78. ഇവിടെ എത്താന്‍ കുറച്ചു വൈകിയെങ്കിലും...
    എന്റെ കുട്ടിക്കാലം ഓര്‍മ വന്നു.., ഞാനും ലുട്ടുവിനെപ്പോലെ കുറച്ചു വൈകിയാ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത്... പഠിച്ചാല്‍ പിന്നെ വെറുതെ ഇരിക്കാന്‍ പറ്റുമോ? ഗാന്ധിയന്‍ സമരമുറകള്‍ ഫലിക്കാ തതുകൊണ്ട് കുറച്ചു സായുധ വിപ്ലവം വരെ നടത്തി നോക്കി അച്ഛനെക്കൊണ്ട്‌ സൈക്കിള്‍ വാങ്ങിപ്പിക്കാന്‍. വീട്ടില്‍ ആരെങ്കിലും സൈക്കിളില്‍ വന്നാല്‍ ഞാന്‍ അതെടുതോണ്ട് കറങ്ങാന്‍ പോകും. PDC ഒന്നാം വര്‍ഷം വരെ അങ്ങനെ തുടര്‍ന്നു. അടുത്ത വര്‍ഷം തന്നെ അച്ഛന്‍ ഒരു സൈക്കിള്‍ വാങ്ങിച്ചു... പക്ഷെ സൈക്കിള്‍ അങ്ങ് ഇടുക്കിയിലും ഞാന്‍ കപ്പുരിലും (പട്ടാമ്പി അടുത്ത്).. അക്കരെ-ഇക്കരെ നിന്നാലെങ്ങനെ എന്ന അവസ്ഥ... പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞു അച്ഛന് ട്രാന്‍സ്ഫര്‍ മണ്ണാര്‍ക്കാട്ടെക്ക്. ഒരു വിധം അച്ഛനെ സമ്മതിപ്പിച്ച് ഒരു ജീപ്പ് വിളിച്ചു പോയി സൈക്കിള്‍ നാട്ടിലേക്കു കൊണ്ട് വന്നു. അപ്പോള്‍ ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷം. രണ്ടു മൂന്നു വര്‍ഷം ആ റാലി സൈക്കിള്‍ എന്നെ സേവിച്ചു.

  79. Unknown says:

    സൂപ്പറാണല്ല് ലുട്ടുമോനേ....പെട്രോളിനു വിലകൂടണ ഈ കാലത്ത് സർക്കാർ ഇതു പ്രോത്സാഹിപ്പിക്കണം... എന്റെ സൈക്കിൾ പരീക്ഷണങ്ങളൂടെ ഒരു പഴേ കഥ എന്റെ ബ്ലോഗിലുണ്ട്..
    http://sumeshvasu.blogspot.com/2012/05/blog-post_18.html

Leave a Reply