Latest Stories

 പൂക്കളവും പൂവിളിയുമായി വീണ്ടുമൊരു ഓണക്കാലം കൂടി...  മലയാളിയുടെ ജീവിതരീതികള്‍ ഒരുപാടു മാറിപ്പോയി എങ്കിലും ഓണഘോഷത്തിനു ഈ ആധുനിക കാലത്തിലും  വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നത്  ഏറെ ആശ്വാസജനകമാണ് ... പിന്നെ പൂവിനും പച്ചക്കറിക്കും അയല്‍ സംസ്ഥാനത്തെ അശ്രയിക്കേണ്ടി വരുന്നു  എന്നുമാത്രം,  അത് പിന്നെ എപ്പോഴും അങ്ങനെ ആണല്ലോ...

വിദ്യാഭ്യാസ കാലത്തെ  ഓണഘോഷങ്ങള്‍  എല്ലാവര്‍ക്കും എന്നും മറക്കാനാവാത്ത നല്ല ഓര്‍മ്മകള്‍ ആയിരിക്കും... എനിക്കും അങ്ങനെ  തന്നെ... ഒരുപാടു  ഓണഘോഷങ്ങള്‍ അതില്‍ തന്നെ ഏറ്റവും അധികം മനസ്സില്‍   തങ്ങി  നില്‍ക്കുന്നത്   +2  ആദ്യ  വര്‍ഷത്തെ ഓണഘോഷമാണ്‌...

 പായസമത്സരം ആയിരുന്നു ആ വര്‍ഷത്തെ പ്രധാന ഇനം, എല്ലാ ക്ലാസുകാരും സ്വന്തമായി പായസം വക്കണം... സ്കൂളീന്നു പായസം കൊടുക്കാതെകഴിക്കാനുള്ള ബുദ്ധി ആയിരുന്നോ എന്തോ...

    രാവിലെ തന്നെ പായസമുണ്ടാക്കാനുള്ള തത്രപ്പാടു തുടങ്ങി... ഗോതമ്പുപായസമാണ്  ഉണ്ടാക്കാന്‍ പോകുന്നത്... സ്കൂള്‍ മൈതാനത്താണ് അടുപ്പ് കൂട്ടണ്ടത്... ഞങ്ങള്‍ ( ബയോളജി, മലയാളം ബാച്ച് ) ചെമ്പും ചട്ടുകവും ഒക്കയായി ഗ്രൗണ്ടില്‍ എത്തി... എവിടെ പായസം വക്കാനുള്ള അടുപ്പ്‌ ?, അതും ഇനി  ഉണ്ടാക്കണം... അവിടയപ്പുറത്തു അതാ സീനിയര്‍ ചേട്ടന്മാര്‍ അടുപ്പുണ്ടാക്കുന്നു... തൂമ്പക്കു ഗ്രൗണ്ട്  കുഴിച്ചു കല്ല്‌ അടുക്കിയാണ് അടുപ്പ്‌ നിര്‍മാണം... ഒരു തൂമ്പ കിട്ടാതെ രക്ഷയില്ല... ഞങ്ങള്‍ തൂമ്പയും ചോദിച്ചു സീനിയര്‍  ചേട്ടന്റെ അടുത്തെത്തി... ഒരു രക്ഷയുമില്ല... ഞങ്ങള്‍   ആണുങ്ങള്‍ ഏതാണ്ട്  പോയ    അണ്ണാന്റെകൂട്ട് നില്‍ക്കുമ്പോ ആര്‍ക്കോ തലയില്‍ ബള്‍ബ്‌ കത്തി... കൂട്ടത്തിലെ സുന്ദരിക്കൊച്ചിനെ  തൂമ്പ വാങ്ങാന്‍ പറഞ്ഞു വിട്ടു... പുള്ളിക്കാരി പോയി ചോദിച്ചു... ഞങ്ങള്‍ പ്രതീക്ഷയോടെ  നോക്കി... എന്നിട്ടും ചേട്ടന്‍  തൂമ്പ തന്നില്ല... പക്ഷെ ചേട്ടന്‍ തൂമ്പയുമായി ഞങ്ങടെ അടുത്ത് വന്നു കുഴികുത്തി അടുപ്പും  ഉണ്ടാക്കി തന്നു... ഞങ്ങള്‍ ആണുങ്ങള്‍ വീണ്ടും ഏതാണ്ട്  പോയ അണ്ണാന്മാരായി...

 പായസമുണ്ടാക്കല്‍ തുടങ്ങി... പാവം ആണുങ്ങള്‍, തീ ഊതി ഊതി ചുമച്ചു കണ്ണ് കലങ്ങി...  പെണ്‍പിള്ളേര്‍ എല്ലാവരും  വഴിയരുകില്‍ സര്‍ക്കസ് കാണുന്ന പോലെ നോക്കിനില്‍പ്പുണ്ട് ...   ഒടുവില്‍ പായസം തിളച്ചു തുടങ്ങി... അപ്പോള്‍  അടുത്ത പ്രശനം വെള്ളം വറ്റിപ്പോയി... ഇത്തിരി തേങ്ങാപാല്‍ ചേര്‍ക്കണം... തേങ്ങാ ചിരണ്ടാവോന്നു ഒരു പെണ്ണിനോട് ചോദിച്ചേ ഉള്ളൂ അപ്പൊ വന്നു മറുപടി " അയ്യേ എനിക്ക് തേങ്ങയൊന്നും ചിരണ്ടാനറിയില്ല" സമാധാനമായി, പിന്നെ ആരോടും ചോദിയ്ക്കാന്‍ നിന്നില്ല... ഞങ്ങള്‍ പാവം ആണുങ്ങള്‍ അതും ചെയ്തു... തേങ്ങാപാല്‍ ചേര്‍ത്ത് കഴിഞ്ഞപ്പോള്‍ ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്നു പറയുന്നപോലെ അല്പം വെള്ളം കൂടിപ്പോയി... പിന്നെ ഓടിപ്പോയി കടയില്‍നിന്നു "കശകശ കിശകിശ" തുടങ്ങിയ സാധങ്ങള്‍  ഇട്ടു അതു അഡ്ജസ്റ്റ് ചെയ്തു... പായസം റെഡി... പക്ഷെ ആര്‍ക്കും കുടിച്ചു നോക്കാനുള്ള ധൈര്യമില്ല... 

       അപ്പോഴക്കും പൂക്കളമത്സരം തുടങ്ങി... അതിനാണെങ്കില്‍  നൂറുകൂട്ടം നിയമങ്ങള്‍... എന്തിനു ഇത്ര രൂപയ്ക്കു മുകളില്‍ പൂമേടിക്കരുത് എന്നുവരെ ഉണ്ട്... എന്നിട്ടും കള്ളക്കണക്കു എഴുതി ഞങ്ങള്‍ പൂമേടിച്ചു... പൂകൊണ്ടുവന്നപ്പോഴല്ലെ രസം, വാടാമല്ലി മൊത്തം ചീഞ്ഞു നല്ല "വാട"... എല്ലാം ദൈവം കാണുന്നു... മൂക്കു പൊത്തി പൂക്കളമിട്ടു തീര്‍ത്തു... അടുത്തത് വടംവലി നേരെ ഗ്രൗണ്ടിലേക്ക്  വച്ചുപിടിച്ചു... ആദ്യ റൌണ്ട് സീനിയര്‍ ചേട്ടന്മാരുമായി... നേരത്തെ പറഞ്ഞ സീനിയര്‍ ചേട്ടന്റെ കാരുണ്യം കൊണ്ടാണോ എന്നറിയില്ല... ഞങ്ങള്‍ ജയിച്ചു... ഫൈനലിലേക്ക് നേരിട്ടു പ്രവേശനം   കിട്ടി... ഫൈനല്‍... അപ്പുറത്ത് കമ്പ്യൂട്ടര്‍ ബാച്ചിലെ ഘടാഘടിയന്മാര്‍... മാന്യമായി തോറ്റു... രണ്ടാം സ്ഥാനം കിട്ടിയല്ലോ ആശ്വാസം... കാവിലെ പാട്ടുമത്സരത്തിനു കണ്ടോളാം എന്ന് പറഞ്ഞു ഗ്രൗണ്ടില്‍ നിന്ന് കയറി....

 പായസം  അപ്പോഴും അവിടെ ഇരിക്കുവാണ്‌... ഒരു ഗ്ലാസ്‌ എടുത്തു ജഡ്ജ്സ്സിനു കൊടുത്തു...  ജോസ് സര്‍ ഒരു  ഗ്ലാസ്‌ കുടിച്ചു, ഭാഗ്യം തട്ടിപ്പോയില്ല... പിന്നെ എല്ലാരും തുടങ്ങി... പാത്രം  അല്‍പസമയം കൊണ്ട്  കാലിയായി... പിന്നെ ഓണപ്പാട്ടും തിരുവാതിരയും... ഒടുവില്‍ സമ്മാനങ്ങളുടെ റിസള്‍ട്ട്‌  വന്നു... എല്ലാത്തിനും എട്ടുനിലയില്‍ പൊട്ടി... എല്ലാരും പരിപ്പ് പായസം ഞങ്ങള്‍ മാത്രം ഗോതമ്പ് പായസം... എന്നിട്ടും സമ്മാനം പരിപ്പുകാര് കൊണ്ട് പോയി... ഇത് അനീതിയല്ലേ?, വടം വലിക്കു കിട്ടിയ ഒരു  പാക്കറ്റ്  മിട്ടായി  പൊട്ടിച്ചു  എന്നിട്ട് അടുത്ത തവണ എല്ലാത്തിനേം എടുത്തോളാം എന്നു പറഞ്ഞു മിട്ടായി വായിലിട്ടു അങ്ങ് ചവച്ചു... അല്ലാണ്ടെന്തു ചെയ്യാന്‍... ;-)


(എന്റെ സ്കൂള്‍: സെന്റ്‌.ജോസഫ്‌  H S S കരിമണ്ണൂര്‍, തൊടുപുഴ,ഇടുക്കി)

5 Responses so far.

  1. Amal says:

    Kollam machooo...

  2. Anagha says:

    Ithu Kollam... Nice one...

  3. Midhu says:

    Nanamillalodaa Njangal A2 kkarudae Pookkalam Eduthidaan...
    Pinnae Entae Thalullathu Kondu Kshamichu... :)

  4. Mathew says:

    Sundarikkochu Kollam...

  5. ck sreehari says:

    gud 1

Leave a Reply