Latest Stories


സൈക്കിള്‍, വട്ടത്തില്‍ ചവിട്ടിയാല്‍ നീളത്തിലോടുന്ന മഹായന്ത്രം... ഇന്ധനവില  റോക്കറ്റ്  പോലെ മുകളിലേക്കു കുതിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയുടെ  ഭാവി രണ്ടു സൈക്കിള്‍ ചക്ക്രങ്ങളിലാണെന്ന് പറഞ്ഞാല്‍ നിങ്ങളാരും എന്നെ സൈക്കിള്‍ചെയിന്‍  കൊണ്ടടിക്കരുത്... ഈയിടക്കു റോക്കറ്റു കുറെയെണ്ണം താഴേക്ക് വരുന്നുണ്ട്  പക്ഷെ പെട്രോള്‍ വില മാത്രം മുകളിലോട്ടു മുകളിലോട്ടു... വല്ലതും മനസിലായോ... വല്ല്യ അമേരിക്കന്‍, റഷ്യന്‍ സയന്റിസ്റ്റുകളുടെ വരെ കണക്കുകൂട്ടല്‍ പിഴക്കും പക്ഷെ ഇന്ത്യന്‍ പെട്രോള്‍ മുതലാളിമാരുടെ കണക്കുകൂട്ടലുകളൊന്നും ഒരിക്കലും പിഴക്കില്ല... അത്രതന്നെ...  പറഞ്ഞു പറഞ്ഞു ഞാനിനി അംബാനിയുടെ കഞ്ഞികുടി മുട്ടിക്കുന്നില്ല പാവം ജീവിച്ചു പോയ്ക്കോട്ടെ...

അങ്ങനെ ഒരു ദിവസം പുസ്തക സഞ്ചിയും പുറത്തിട്ടു നടരാജ് വണ്ടിയില്‍ ഏന്തിവലിഞ്ഞു സ്കൂളിലേക്ക്  പോകുമ്പോഴാണ് മാരുതി 800നെ  മെര്‍സിഡെസ് ബെന്‍സ്‌ ഓവര്‍ടേക്ക്  ചെയ്യണെപോലെ എന്നെക്കടന്നു പോയ ആ  കുന്ത്രാണ്ടത്തെ ഒന്ന് ഓടിക്കാന്‍ പഠിച്ചാല്‍ കൊള്ളാമെന്നു എനിക്കാദ്യം തോന്നിയത്...  പിന്നെ വൈകിയില്ല...  വൈകുന്നേരം വീട്ടിലെത്തിയ ഉടനെ സൈക്കിളുള്ള ഒരു കൂട്ടുകാരന്റെയടുത്തേക്കോടി...  അവന്റെ ശിഷ്യത്വം സ്വീകരിച്ചു... നല്ലവനായ കൂട്ടുകാരന്‍ അതിന്റെ സാധനസാമഗ്രികളെല്ലാം കാട്ടി ഒരു ടൂഷന്‍ ക്ലാസ്സ്‌ തന്നെയെടുത്തു... അവന്റെ വിവരണത്തില്‍ നിന്നും ബെല്ല് , ബ്രേക്ക് തുടങ്ങിയ സാധനങ്ങള്‍ സൈക്കിളില്‍  അധികപ്പറ്റാണെന്നും, സൈക്കിളിന്റെ ആത്മാവ് കുടികൊള്ളുന്നത് ടയറിനുള്ളിലെ കാറ്റിലാണെന്നും ഞാന്‍ മനസിലാക്കി...  തിയറി ക്ലാസ്സ്‌ കഴിഞ്ഞു... പ്രാക്റ്റിക്കല്‍ തുടങ്ങി...

രണ്ടുകയ്യും രണ്ടുകാലും വച്ചു ഞാനെന്തൊക്കെ ചെയ്താലാ... വളക്കണം, തിരിക്കണം, ചവിട്ടണം, പിടിക്കണം... എന്റമ്മോ... പക്ഷെ ഇതൊന്നും പഠിച്ചില്ലെങ്കിലും ഞാനാദ്യ ദിവസം തന്നെ  സൈക്കിള്‍ മറിക്കാന്‍ പഠിച്ചു... കൂട്ടുകാരന്റെ വക ഒടുക്കത്തെ ചീത്ത... ഇപ്പോഴെങ്ങാനുമാണെങ്കില്‍... ഞാനേ പോളിടെക്നിക്കില്‍  പഠിച്ചതാ യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതിയൊന്നും നീ എന്നെ പഠിപ്പിക്കെണ്ടാടാ പുല്ലേ... എന്നു പറഞ്ഞനെ... പക്ഷെ കഷ്ടകാലത്തിനു അന്ന് ഞാന്‍  പത്താം ക്ലാസ്സ്‌ പോലും പഠിച്ചിരുന്നില്ലല്ലോ... എല്ലാത്തിനും ഒടുക്കം എന്റെ കുറച്ചു കമ്പനി പെയിന്റു കളഞ്ഞും പെഡലില്‍ നിന്നു കാലുതെന്നി ( പിന്നീടെന്തു സംഭവിച്ചു എന്നു ഞാന്‍ പറയില്ല.. എനിച്ചു നാണവാ... ങ്ങും )   കുറേ തവണ ഈരേഴു പതിന്നാലുലോകവും  കണ്ടും ( അപ്പോളൊക്കെ തലയ്ക്കു ചുറ്റും കിളികള്‍ക്ക് പകരം വട്ടം ചുറ്റിയിരുന്നത്   ക്രണീം... ക്രണീം... എന്ന ബെല്ലോടു കൂടിയ സൈക്കിളുകളായിരുന്നു ) ഒരുവിധം പണി പഠിച്ചു... അപ്പോഴേക്കും കാരുണ്ണ്യവാനായ എന്റെ കൂട്ടുകാരന്റെ ശകടം കട്ടപ്പുറത്തായിരുന്നു...

ഇനിയിപ്പോ സ്വന്തമായി ഒരു  സൈക്കിള്‍  വേണം... അച്ഛാ ഞാന്‍ പഠിച്ചു, കണ്ടില്ലേ... എന്നറിയിക്കാനായി കൂട്ടുകാരുടെ സൈക്കിളൊക്കെ  എടുത്തു അച്ഛന്റേം അമ്മേടേം മുന്‍പില്‍ കൂടി നെഞ്ചും വിരിച്ചു ചവിട്ടിനോക്കി... അച്ഛന്‍ മൈന്‍ഡ് ചെയ്യുന്നില്ല, അമ്മ അത്രകൂടി മൈന്‍ഡുചെയ്യുന്നില്ല ... ഒടുക്കം അവസാന ആശ്രയം എന്ന നിലയ്ക്കു പള്ളിയില്‍ പോയി ഘടാഘടിയന്‍ പ്രാര്‍ത്ഥന തുടങ്ങി... മാസങ്ങള്‍ കൊഴിഞ്ഞു പോയി ഒരു റെസ്പോണ്‍സുമില്ല... പ്രാര്‍ത്ഥനയുടെ കൂടെ തിരികത്തീരും  തുടങ്ങി... എന്നിട്ടും രക്ഷയില്ല... മൊബൈല്‍ ഫോണിന്റെ അഭാവത്തില്‍ പള്ളിയില്‍ പോയി മാതാവിനെ അടിച്ചോണ്ട് വന്നിട്ട്  അമ്മയെ ജീവനോടെ കാണണെങ്കില്‍  ഇന്ന് വൈകുന്നേരത്തിനുള്ളില്‍ എനിക്ക് ഒരു സൈക്കിള്‍ മേടിച്ചുതന്നേക്കണം എന്നും പറഞ്ഞു യേശുക്രിസ്തുവിനു കത്തെഴുതുന്ന ടിന്റുമോന്റെ ഐഡിയ  എനിക്ക് തോന്നിയതുമില്ല...

അങ്ങനയെരിക്കെ ഒരു ക്രിസ്തുമസ്  കാലത്ത്  എന്റെ പ്രാര്‍ത്ഥന ഏറ്റു, അച്ഛനു നല്ല ബുദ്ധി തോന്നി ... ഞാനുമൊരു സൈക്കിള്‍ മുതലാളിയായി... BSA  SLR , എന്നെ പോലെ മെലിഞ്ഞ സൈക്കിള്‍... എന്റെ പ്രാര്‍ത്ഥനയും  കത്തിച്ച തിരിയുടെ എണ്ണവുമെല്ലാം വച്ചു നോക്കുമ്പോ ഒരു 200CC പള്‍സറെങ്കിലും കിട്ടേണ്ടതാണ്... ആ പോട്ടേ... പത്തു ദിവസം പട്ടിണികിടന്നവനു ചക്കക്കൂട്ടാന്‍ കിട്ടിയപോലെ എനിക്കപ്പോ അതിനെ  R15 ആയിട്ടുവരെ തോന്നി... നേരേ അതും  എടുത്ത്  മെയിന്‍ റോഡിലേക്ക് ഇറങ്ങി... ആദ്യമായാണ്  മെയിന്‍ റോഡിലൂടെ സൈക്കിള്‍ ചവിട്ടുന്നത് അതും എന്റെ സ്വന്തം സൈക്കിള്‍... ആഞ്ഞു ചവിട്ടി... റോഡിലൂടെ പോകുന്നവര്‍  എല്ലാരും എന്നെ നോക്കുന്നു... നടക്കുന്നവരും വണ്ടിയില്‍  പോകുന്നവരും  എല്ലാം എന്നെ നോക്കുന്നു... ഞാന്‍ വീണ്ടും ആവേശത്തോടെ ആഞ്ഞുചവിട്ടി... ഒരു വളവുതിരിഞ്ഞു അതാ ഒരു പാണ്ടിലോറി... ഞാന്‍ ബെല്ലടിച്ചു, ലോറിക്കാരന്‍ ഹോണടിച്ചു... എന്റമ്മെ... ലോറി എന്റെ നേരെ  വരുന്നു... ബ്രേക്കെവിടെ ബെല്ലെവിടെ... ഞാന്‍ സൈക്കിള്‍ എങ്ങോട്ടോ തിരിച്ചു... ഒരുനിമിഷം....ജീവിതം തീര്‍ന്നു...

ഞാന്‍ കണ്ണ് തുറന്നു ഭാഗ്യം ഒന്നും സംഭവിച്ചില്ല... ഞാനും സൈക്കിളും റോഡരികിലെ  കാനയില്‍ സേഫ് ലാന്‍ഡ്‌ ചെയ്തിരിക്കുന്നു... അകന്നു  പോകുന്ന പാണ്ടിലോറിയിലെ   കിളി  പുറത്തേക്ക് തലയിട്ടു എന്തെക്കയോ വിളിച്ചു പറയുന്നു... മുട്ടിലെ മുറിവില്‍ നിന്നും ചോര വെള്ളത്തോടു ചേര്‍ന്നൊഴുകുന്നു...    എല്ലാം ലൈവ് ആയി കണ്ടുനിന്ന നാട്ടുകാരിലൊരാള്‍ എന്നെയും സൈക്കിളിനെയും കാനയില്‍ നിന്നു പൊക്കിയെടുത്തു... ആ കാഴ്ച കണ്ടു എന്റെ ഹ്രദയം തകര്‍ന്നു, മനസ്സുവിങ്ങി... നല്ല വട്ടത്തിലിരുന്ന മുന്നിലത്തെ ടയര്‍ ഇപ്പൊ എട്ടു ( 8 ) പോലെ... പുള്ളിതന്നെ എന്നേം സൈക്കിളിനെയും വീട്ടിലെത്തിച്ചു... അച്ഛന്റെ ചെവിയിലെന്തോ ഓതിക്കൊടുത്തിട്ടു സ്നേഹ സമ്പന്നനായ നാട്ടുകാരന്‍ പോയി... 

അമ്മയുടെ നെഞ്ചത്തടിച്ചു കരച്ചിലും അച്ഛന്റെ ചീത്തയും പേടിച്ചു ഞാന്‍ നേരെ കട്ടിലില്‍ കയറി കിടപ്പായി... ഏതായാലും അച്ഛന്‍ പിറ്റേന്നു തന്നെ  സൈക്കിള്‍ നന്നാക്കിക്കൊണ്ടുവന്നു...      എന്നിട്ടെന്റയടുത്തുവന്നു ഒരു ഉപദേശവും... മോനിനി  സൈക്കിളും കൊണ്ട്  മെയിന്‍ റോഡിലേക്കു ഇറങ്ങണ്ട  അഥവാ ഇനി ഇറങ്ങിയാല്‍ തന്നെ  റോഡിന്റെ ഇടതു വശം ചേര്‍ന്നു  വേണം  പോകാന്‍... മറക്കരുത്.... എന്റെ തലയില്‍ എന്തോ മിന്നി... ഇനി മിന്നീട്ടെന്താ കാര്യം സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചില്ലേ....    





ക്രണീം: ഇതുകൊണ്ടൊന്നും ഞാന്‍ തോറ്റില്ല... ആ സൈക്കിള്‍ കൊണ്ടു ഞാനൊരു  മഹാഭാരതം തന്നെ  രചിച്ചു, ലോകപര്യടനങ്ങള്‍ നടത്തി..... ങാ.... അതൊക്കെ പിന്നെ പറയാം.... 

സ്വന്തം ലുട്ടുമോന്‍.... :)  

 

Read More ...

Latest Stories

പെട്രോള്‍ വില കൂട്ടിയത് സഹിക്കാം , പച്ചക്കറി വിലകൂടിയത് മറക്കാം, ബസ്‌ ചാര്‍ജ് കൂട്ടിയത് പൊറുക്കാം പക്ഷെ ഇത് ....    ചതി, കൊലച്ചതി, അനീതി, അക്രമം, മനുഷ്യാവകാശ ലംഘനം എങ്ങനെ വിശേഷിപ്പിക്കണം  ഇതിനെ?

നിങ്ങളില്‍ പലരെയും പോലെ എനിക്കും വാക്കുകള്‍ കിട്ടുന്നില്ല ... എങ്കിലും എനിക്കൊന്നേ പറയാനുള്ളൂ... ആ "ട്രായ്" എന്ന് പറയണ തെണ്ടി തെങ്ങിന്‍ ചുവട്ടില്‍ നില്‍ക്കുമ്പോ ഇടിവെട്ടി മണ്ടരിപിടിക്കാത്ത മത്തങ്ങ മുഴുപ്പുള്ള തേങ്ങ തലയില്‍ വീണു ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്ന വഴി പാലത്തില്‍ വച്ച് പാണ്ടി ലോറി  ഇടിച്ചു വെള്ളത്തില്‍ പോയി വെള്ളം കുടിച്ചു പള്ള വീര്‍ത്തു ശ്വാസം കിട്ടാതെ ചാവണം... അപ്പോഴെ പാവം കമിതാക്കളുടെ ശ്വാസംമുട്ടല്‍ അവനു മനസിലാകൂള്ളൂ...

 ടെലിമാര്‍ക്കറ്റിംഗ് വിളികളും എസ് എം എസുകളും നിയന്ത്രിക്കാന്‍ പോണെന്ന് കേട്ടപ്പോ കുറെ സന്തോഷിച്ചതാ പക്ഷെ കൂടെ ഇങ്ങനെ ഒരു പണി ഉണ്ടെന്നു സ്വപ്നത്തില്‍ പോലും ആരും കരുതിയിരുന്നില്ല...
എന്റെ മൊബൈല്‍, എന്റെ സിം കാര്‍ഡ്‌ , എന്റെ പൈസക്ക്, ഞാന്‍ റീ ചാര്‍ജ് ചെയ്തു, ഞാന്‍ തന്നെ ടൈപ്പ്ചെയ്തു ( ഫോര്‍വേഡ് എന്നും പറയും ), ഞാന്‍ തന്നെ എസ് എം എസ് അയക്കുന്നു... അതിനിടക്ക് ആ പന്ന ട്രായിക്ക് എന്ത് കാര്യം... ഒരു സിംമ്മീന്ന്  ഒരു ദിവസം നൂറു എസ് എം എസെ അയക്കാന്‍ പറ്റൂള്ളൂ പോലും... ഇതെന്താ ചൈനയോ...

അപ്പൊ പറഞ്ഞു വന്നത്  ട്രായി(ടെലികോം  റഗുലേറ്ററി   അതോറിട്ടി   ഓഫ്  ഇന്ത്യ (TRAI)) സെപ്റ്റംബര്‍ 27നു നടപ്പില്‍ വരുത്തിയ  പുതിയ എസ് എം എസ്  നിയമത്തെക്കുറിച്ചാണ് ... മൊബൈല്‍ സേവനധാതാക്കള്‍ക്ക്  ട്രായി നല്കിരിക്കുന്ന പുതിയ നിര്‍ദേശം അനുസരിച്ച് ഒരു സിം കാര്‍ഡില്‍ നിന്ന് ദിവസം 100   എസ് എം എസ് മാത്രമെ അനുവദിക്കാവൂ... സാധാരണ നിരക്കിലുള്ള എസ് എം എസ് എല്ലാം ഉള്‍പ്പെടുത്തിയാണിത് ... ഫലത്തില്‍ ഒരു സിം കാര്‍ഡില്‍ ഒരു ദിവസം 100  എസ് എം എസ്... ഡ്യൂ വല്‍ സിം ഫോണുണ്ടെങ്കിലും കാര്യമില്ല , അണ്‍ ലിമിറ്റെഡില്‍ അര്‍മാധിച്ചവര്‍ക്ക്  ആന വായില്‍ അമ്പഴങ്ങ പോലാണ്  200 എണ്ണം... അനേകം കുടുംബബന്ധങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന ഈ കിരാത നിയമത്തിനതിരെ  പ്രതികരിക്കാന്‍ ഇവിടെ ഒരു അണ്ണാ  ഹസാരെയും  ഇല്ലേ ??

വാര്‍ത്ത പരന്നതോടെ കിടക്കപ്പൊറുതിയില്ലാതായതു പാവം  നോക്കിയ സി ഇ ഒക്കാണ്,  16 സിം ഇടാവുന്ന നോക്കിയ Rസീരീസ് ( രജനീകാന്ത് സീരീസ് ) മൊബൈല്‍ എന്ന് ഇറങ്ങും എന്ന് അറിയാനായി അദേഹത്തിന്റെ വീട്ടിലേക്കും ഓഫീസിലേക്കും   ഫോണ്‍ കാളുകളുടെയും ഇ മെയിലുകളുടെയും നിലക്കാത്ത പ്രവാഹമാണ്...

 വല്ല്യ കുഴപ്പമില്ലാതെ നടന്നു പോയിക്കൊണ്ടിരുന്ന പല പ്രണയങ്ങള്‍ക്കും ഓര്‍ക്കപുറത്തു കിട്ടിയ അടിയായി ഈ 100 മെസ്സേജ് ലിമിറ്റ്,    അഞ്ചും ആറും എണ്ണത്തിനെ ഒറ്റ ഗ്രൂപ്പ്‌ മെസേജില്‍    മാനേജ് ചെയ്തിരുന്ന കേമികളും കേമന്‍മാരും, അവര്‍ക്കും കിട്ടി എട്ടിന്റെ പണി... ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ഡസ്കിന്റെ   അടിയില്‍ വച്ചും, അമ്മ കാണാതെ ബുക്കിന്റെ ഇടയില്‍ വച്ചും, പുതപ്പിന്റയടിയില്‍ കിടന്നു മൊബൈല്‍ സൈലന്റ് മോഡിലിട്ടു പാതിരാത്രി വരെ ചാറ്റിയതും,  എല്ലാം മിക്കവാറും ഇനി  ഓര്‍മ്മകള്‍ മാത്രം... കൂടെ ലുട്ടുമോനെ പോലുള്ള കാള്‍ വിളിക്കാന്‍ കാശ് ഇല്ലാത്ത... വല്ലപ്പോഴും ഞാന്‍ ചത്തിട്ടില്ലടാ എന്ന് അറിയിക്കാന്‍ മാത്രം  മെസ്സേജ് ഓഫര്‍ ചെയ്യുന്ന, ടിന്റുമോന്‍ മെസ്സേജ് മാത്രം ഫോര്‍വേഡ് ചെയ്യുന്ന പാവം പിടിച്ച പിള്ളേര്‍ക്കിട്ടും കിട്ടി പണി... വിധി അനുഭവിക്കുക തന്നെ...




NB : ഇതിന്റയെല്ലാം പുറകില്‍ ഗൂഗിളമ്മച്ചിയുടെ കൊച്ചുമോന്‍ ആ പ്ലുസും, സുക്കെര്‍ ബര്‍ഗ് ചെക്കനും പിന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറും ആണോ എന്ന് ലുട്ടുമോന് ഒരു സംശയം... ഇതുകൊണ്ട്  ആകെക്കൂടി  നേട്ടമുള്ളത് അവര്‍ക്ക് മാത്രമാണല്ലോ.... യേത്.... :P


IMPACT : സന്തോഷ വാര്‍ത്ത... ലുട്ടുമോന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായി 100 മെസ്സേജ് ലിമിറ്റ് 200 ആക്കിയിരിക്കുന്നു..... ആഹ്ലാദിപ്പിന്‍ അര്‍മാധിക്കിന്‍... :P
 


Read More ...

Latest Stories


പുതിയ കാലത്തിന്റെ  വേഗസമവാക്യങ്ങളില്‍,  അടര്‍ന്നുവീണ പൂവിതള്‍ പോലെ ഒരിക്കലും തിരികെ പിടിക്കാനാവാത്ത ചില നഷ്ടങ്ങള്‍... അവയെപ്പറ്റി ഓര്‍മിക്കുന്ന നിമിഷങ്ങളില്‍ നാമറിയാതെ തന്നെ നമ്മുടെയെല്ലാമുള്ളില്‍  ഏതു പേരിട്ടു വിളിക്കണമെന്നറിയാത്ത ഒരു കുഞ്ഞു വേദന ഉണരാറുണ്ട്...  

അച്ഛന്റെ തറവാട്ടിലെ അവധിക്കാലങ്ങള്‍ ഓര്‍കളില്‍ പച്ചപ്പുനിറക്കുന്നു... ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിനടുത്താണ്  തറവാട്...അവധിക്കാലമായാല്‍ പിന്നെ ഒരു പൂരത്തിനുള്ള ആളുകാണും... കുടുബത്തില്‍ ആണ്‍ പ്രജകളാണ് കൂടുതല്‍... അവിടയെത്തിയാല്‍ നാടു മുഴുവന്‍  ചുറ്റിയടിയാണ്  ഞങ്ങള്‍ പിള്ളേരുടെ പ്രധാന  പരുപാടി... കാണാന്‍ ഒരുപാടു കാഴ്ചകള്‍, പപ്പടം പരത്തി നിരത്തുന്ന പണ്ടാരന്‍, അമ്പലത്തിലെ സീതക്കുട്ടി ( ആനയാണ് ), യക്ഷിക്കുളത്തിലെ പേരറിയാത്ത വലിയ കറുത്ത മീന്‍ ( ഞങ്ങടെ  ചൂണ്ട  രണ്ടു തവണ പൊട്ടിച്ചു കൊണ്ടുപോയി, പിന്നെ പിടിക്കാന്‍ നോക്കിയിട്ടില്ല ), മണിക്കൂറുകള്‍ കരയില്‍ പിടിച്ചിട്ടാലും ചാവാത്ത കറൂപ്പ്‌  മീന്‍, വെളുപ്പും നീലയും ആമ്പലുകള്‍ ,   ചൂണ്ടയില്‍ കുടുങ്ങിയ നീര്‍ക്കോലി, മത്തക്കണ്ണന്‍ തവള, കലപില കൂട്ടുന്ന താറാക്കൂട്ടങ്ങള്‍ , മനുഷ്യന്റെ തലവെട്ടം കണ്ടാല്‍ ഓടിയൊളിക്കുന്ന കീരികളും കുളക്കോഴികളും, ഒറ്റക്കാലില്‍ തപസിരിക്കുന്ന കൊറ്റികള്‍ ,  ചുവന്ന നിറമുള്ള വരാല്‍ കുഞ്ഞുങ്ങള്‍ , അവയെ പിടിക്കാന്‍ ചെന്നാല്‍ ...ബ്ലക്ക്‌... എന്ന് ഒച്ചയുണ്ടാക്കി പാഞ്ഞുവരുന്ന തള്ളവരാല്‍.... അങ്ങനയങ്ങനെ കൗതുകങ്ങളുടെ പട്ടിക നീളുന്നു...
തൊടലിക്കയുടെ ചവര്‍പ്പും പുളിയും, ചന്ദ്രക്കാരന്‍ മാമ്പഴത്തിന്റെ  തേനൂറും  മധുരവും, കല്ലുപ്പിന്റെ കൂടെ  ചിനച്ച മൂവാണ്ടന്‍ മാങ്ങയുടെ മധുരം കലര്‍ന്ന പുളിയും രുചികളുടെ വേറിട്ടൊരു ലോകംതന്നെ തീര്‍ത്തിരുന്നു...  എങ്കിലും എനിക്കവിടെ ഏറ്റവും പ്രിയം നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പ്പാടത്തോടായിരുന്നു... ഇളം കാറ്റില്‍ ആടിക്കളിക്കുന്ന നെല്‍ തലപ്പുകള്‍ കായലോളങ്ങളെ അനുസ്മരിപ്പിക്കുമായിരുന്നു.... കൊയ്ത്താകുമ്പോള്‍ അതൊരു സ്വര്‍ണക്കടലാകും...








നെല്‍പ്പാടത്തെ രണ്ടായി വിഭജിച്ചു ഒരു മണ്ണിട്ട റോഡ്‌... ഒരു വശം നോക്കിയാല്‍ കണ്ണ് എത്താത്തത്ര വിശാലമാണ്... ഇപ്പുറത്തിന്റെ പരപ്പ് അവസാനിക്കുന്നിടത്ത് പഴയൊരു നാലുകെട്ട് അവ്യക്തമായി കാണാമായിരുന്നു




പാടത്തിന്റെ കരയില്‍ ചെറിയൊരു അമ്പലമുണ്ട്
അതിനോട് ചേര്‍ന്ന് പാടത്തിന്റെ കോണിലായി ഒരു വിശാലമായ കുളവും... അയ്യന്‍കുഴി എന്നാണ് കുളത്തിനു പേര്, കുളത്തില്‍ കിനാവള്ളി എന്ന ചെടി  ഉണ്ടെന്നും ഇറങ്ങിയാല്‍ പിടിച്ചുവലിച്ചുകൊണ്ട് പോയി ചോരകുടിക്കും എന്നും പറഞ്ഞു വല്യമ്മച്ചി  പേടിപ്പിച്ചതിനാല്‍ ആദ്യമൊക്കെ അതിനടുത് പോകുന്നത് പോലും പേടിയായിരുന്നു... പിന്നെപിന്നെ അച്ഛന്റെ കൂടെ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ മുങ്ങി വെള്ളത്തിന്റെ  അടിയില്‍  നോക്കും  അവിടെ ഒരു കറുപ്പ് മാത്രം പിന്നെ അരിച്ചിറങ്ങുന്ന തണുപ്പും... പിന്നെ പേടിയൊക്കെ മറന്നു... എപ്പോള്‍ തറവാട്ടില്‍ പോയാലും ആദ്യം ഓടി ചെന്നിരുന്നത് ആ കുളക്കരയിലെക്കാണ്... അവിടെ ചിലപ്പോള്‍ വില്ലും കയറില്‍ ബന്ധിപ്പിച്ച ത്രശൂലം  പോലത്തെ അമ്പുമായി കുളക്കരയില്‍ ഒരു കിളവന്‍ കാണും... എയ്തുവിട്ട അമ്പിന്റെ കയറില്‍ പിടിച്ചു വലിച്ചെടുക്കുമ്പോള്‍ അതിന്റെ അറ്റത്തു ഒരു വരാല്‍ പിടക്കുന്നുണ്ടാവും...






കാലം കഴിയും തോറും കുളത്തിന്റെ വിസ്ത്രതി കുറഞ്ഞു വന്നു നെല്‍ക്രഷി നിലച്ചു... കുളത്തില്‍ ആമ്പലിനൊപ്പം പോളയും വളര്‍ന്നു...












വയലില്‍ പുല്ലും പോളയും നിറഞ്ഞു... എന്ത് കളയാണ് എന്നു പറഞ്ഞാലും പോളപ്പൂവിനെ എനിക്കിഷ്ടമായിരുന്നു... മയില്‍പീലി പോലെ ആ പൂവുകള്‍ പാടത്തു നിറയും കൂടെ ആമ്പലുകളും... ആ കാഴ്ച അതിമനോഹരമായിരുന്നു...
 












തറവാട്ടില്‍ നിന്ന് പോരുമ്പോള്‍ കുറേ ആമ്പല്‍പ്പൂകൊണ്ടുവരും...എന്നിട്ട് കുപ്പിയില്‍ വെള്ളം നിറച്ചു അതില്‍ വക്കും... കുറെ നാള്‍ അതങ്ങനെ വാടാതെ ഇരിക്കും... 














 ഇത്തവണ ഓണാവാധിക്കു തറവാട്ടില്‍ എത്തിയപ്പോള്‍ ആദ്യം ഓടിയത് കുളക്കരയിലേക്കായിരുന്ന... കണ്ട കാഴ്ച ഇതായിരുന്നു



















പരന്നു വിശാലമായ കുളത്തിന്റെ ഇന്നത്തെ അവസ്ഥ പുല്ലും ആഫ്രിക്കന്‍ പായലും നിറഞ്ഞു ഇങ്ങനെ....







പാടം പലയിടത്തും നികത്തി  പുതിയ കോണ്‍ക്രീറ്റ്  സൗധങ്ങള്‍ ഉയര്‍ന്നു... കാഴ്ചകളുടെ വസന്തം കൊഴിഞ്ഞു... നഷ്ടങ്ങളുടെ ഒരു കുഞ്ഞു നൊമ്പരം മാത്രം ബാക്കി... ഇതുമിനി എത്ര നാള്‍ ??


Read More ...

Latest Stories


ആദ്യ ഭാഗം വായിക്കാത്തവര്‍ക്ക്  

അങ്ങനെ നീലിയാന്റി ഭൂമിയില്‍ ലാന്‍ഡ്‌  ചെയ്തു... നീലിയാന്റിയെ ഡ്രോപ്പ് ചെയ്തു തിരിച്ചു പോകുംമുന്‍പ് കാലന്‍ ഒന്നുകൂടി ഓര്‍മിപ്പിച്ചു, മോളെ നീലി നിന്റെ വിസിറ്റിംഗ് വിസയുടെ കാലാവധി മൂന്നു ദിവസമാണ് അതുകഴിഞ്ഞാല്‍ അപ്പൊ ഇവിടുന്നു നിന്നെഞാന്‍  പൊക്കും... ആ സമയം കൊണ്ട് എന്താന്ന് വച്ചാ ചെയ്തു തീര്‍ത്തോളണം... നീലിയാന്റി തലകുലുക്കി സമ്മതിച്ചു...കാലന്റെ ലിമോ പാഞ്ഞുപോയി....

ഇനി എന്ത് ചെയ്യണം...? നീലിയാന്റി പ്ലാനിംഗ് തുടങ്ങി... ആദ്യം വീട്ടില്‍ പോകാം... വീടിന്റെ ഗേറ്റ് എത്തിയേ ഉള്ളു അകത്തു നിറയെ വണ്ടി... മക്കളും കൊച്ചുമക്കളും തൊട്ടു ഇതുവരെ കാണാത്ത ബന്ധുക്കള്‍  വരെ ഉണ്ട്... എല്ലാരും വീടും പറമ്പും വീതിച്ചടുക്കുന്ന തിരക്കിലാണ്... ജീവിച്ചിരുന്നപ്പോ ഒരുത്തനും തിരിഞ്ഞുനോക്കാന്‍ സമയമില്ലായിരുന്നു... ഇപ്പൊ അകത്തോട്ട് കയറിയാല്‍ ചത്ത എന്നെ  അവര്‍ വീണ്ടും കൊല്ലും... നീലിയാന്റി വേഗം തിരിച്ചു നടന്നു... വീടും പറമ്പും പോയി... അല്ല  പ്രേതമായ എനിക്കെന്തിനാ വീടും പറമ്പും... എന്നെ കൊന്നവരോട് പ്രതികാരം ചെയ്യണം അതാണെന്റെ ലക്ഷ്യം... നീലിയാന്റി മനസ്സില്‍ ഉറപ്പിച്ചു... 

"എടാ രാജപ്പാ" എന്ന് തന്നെ തട്ടിയ കള്ളന്മാരില്‍ ഒരാള്‍ മറ്റവനെ വിളിക്കുന്നത്‌  കേട്ടപോലെ ആന്റിക്ക്  തോന്നി... ഉടനെ ആന്റി തനിക്കു ഡ്രാക്കുള അങ്കിള്‍ തന്ന 4G ഫോണില്‍ കയറി ഗൂഗിളില്‍ തപ്പി... എന്റെ ഡ്രാക്കുളമുത്തപ്പാ പതിനായിരക്കണക്കിനു ഫോട്ടോകളും പോസ്റ്റുകളും... പക്ഷെ എല്ലാ ഫോട്ടോക്കും ഒരേ വ്രത്തികെട്ട മുഖം.... ആന്റി അന്തംവിട്ടു... നടപ്പില്ല ഇനി ഫേസ്ബുക്കില്‍ തപ്പാം... തപ്പി അവിടയും ആ  മുഖം... കൂട്ടത്തില്‍ ഒരു സുന്ദരക്കുട്ടന്‍ രാജപ്പനെ കണ്ടു ആന്റിയുടെ കണ്ണുകള്‍ മിന്നി... യുറേക്കാ...   യുറേക്കാ.... കിട്ടിപ്പോയി... ഇതവന്‍ തന്നെ എന്റെ ഖാതകന്‍...  അവന്റെ സ്റ്റാറ്റസ്  സ്ഥിരമായി ലൈക്കി കമന്റ്‌ ഇടുന്ന ഒരേ ഒരുത്തന്‍, അവന്‍തന്നെ രണ്ടാമന്‍.... പാച്ചുക്കുട്ടന്‍... രണ്ടിന്റയും പടം  ആന്റി മനസ്സില്‍ പച്ചകുത്തി... രാജപ്പന്റെ ലേറ്റസ്റ്റ്  സ്റ്റാറ്റസ് ആന്റി വായിച്ചു " ഞാന്‍ കരുനാഗപ്പല്ലി ടൌനില് വിജയമാഗോശിക്കുന്നു" താഴെ മറ്റവന്റെ കമന്റ്‌     "ഞാനും ആശോഗിക്കുന്നു "... ആന്റിയുടെ തലയില്‍ 100  വാട്ട്സ് സി എഫ് എല്‍ കത്തി.... 

ആന്റി കോട്ടയത്തിനു വച്ച് പിടിച്ചു... ഒടുകത്തെ  ട്രാഫിക്‌ ബ്ലോക്കില്‍ പെട്ട് അവിടെ എത്തിയപ്പോള്‍ നേരം രാത്രി ആയി... ആന്റി കാത്തിരുന്നു... പാതിരാത്രി  ആയ... ഒരു സ്വര്‍ണക്കടയുടെ മൂലയില്‍ ഒരു അനക്കം... അതേ അവര്‍ തന്നെ...  പാവം സെക്യൂരിറ്റി ഒന്നുമറിയാതെ തന്റെ പതിവ്  ഡ്യൂട്ടിയില്‍ ആണ്... അവര്‍ ഭിത്തി തുറന്നു അകത്തു കയറി... ആന്റി അവരുടെ പിറകെ കൂടി ... പെട്ടന്നാണ് അത് സംഭവിച്ചത്, അലാറം അടിക്കുന്നു... കള്ളന്മാര്‍ പുറത്തേക്ക്  കുതിച്ചു... ആന്റിക്ക്  ഒന്നും പിടികിട്ടിയില്ല... പിടികിട്ടിയപ്പോഴക്കും സെക്യൂരിറ്റി ഉണര്‍ന്നു... ആന്റി ഓടി.. ചെന്ന് ചാടിയത് അവന്റെ മുന്‍പില്‍... ഒരടികിട്ടിയത് മാത്രം  ഓര്‍മ്മയുണ്ട് , സ്വര്‍ണംകെട്ടിയ പല്ല് രണ്ടെണ്ണം താഴെ... 





നീരുവന്നു വീര്‍ത്ത മുഖവുമായ് ആന്റി രാത്രി കഴിച്ചുകൂട്ടി... ഒന്നാന്തരം 22 കാരറ്റ്  പല്ലായിരുന്നു  സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില വച്ച് നോക്കുമ്പോ   ആ സെക്യൂരിറ്റി തെണ്ടിക്ക് ഈ മാസം മുഴുവന്‍ ജോണി വാക്കര്‍ അടിക്കാം... എന്റെ വിധി.... ആന്റി വിലപിച്ചു... എന്നാലും തോറ്റുകൊടുക്കാന്‍ ആന്റി ഒരുക്കമായിരുന്നില്ല ...

തുടരും...  

Read More ...

Latest Stories


ടിങ്ങ് ടോങ്ങ്..... ടിങ്ങ് ടോങ്ങ്..... ക്ലോക്കില്‍ മണി രണ്ടടിച്ചു... കമ്പ്യൂട്ടര്‍ മോണിട്ടറിനു മുന്‍പില്‍ തപസ്സുചെയ്തെന്ന മട്ടിലിരിക്കുകയാണ് നീലിയാന്റി... മോണിട്ടറില്‍ ആണെങ്കില്‍ ഹൌസ് ഫുള്‍ആയി ചിരിച്ചു നിറഞ്ഞാടുകയാണ്  സര്‍വലോക യക്ഷികളുടെ റാണിപ്പട്ടം കല്പിച്ചു നല്‍കിയിരിക്കുന്ന ബഹു ശ്രീമതി കള്ളിയാങ്കാട്ടു  നീലി... നീലിയാന്റിക്ക്  കള്ളിയാങ്കാട്ടു  നീലിയെന്നാല്‍  സ്വന്തം വല്ല്യാന്റിയാണ്... അത്രത്തോളമാണ്  ആന്റിക്ക് നീലിയോടും മറ്റു പ്രേത കഥാപാത്രങ്ങളോടുമുള്ള സ്നേഹം... എന്തിനു ഈ സ്നേഹക്കൂടുതല്‍കൊണ്ടാണ്  ആന്റി   അഞ്ചാറുകൊല്ലം മുന്‍പ്   ഗസെറ്റില്‍ പരസ്യം കൊടുത്തു നീലി എന്ന് പേരുവരെ മാറ്റിയത്... ടി വിയില്‍ വരുന്ന ഒരൊറ്റ പ്രേത സീരിയലും സിനിമയും ആന്റി കാണാതെ വിടാറില്ല... എന്നാലും കുറച്ചു നാളായി ആന്റിക്ക് വല്ല്യ വിഷമമാണ്... പണ്ടത്തെ പോലെ ഇപ്പൊ ടി വിയില്‍ പ്രേത സീരിയലൊന്നും ഇല്ല... പണ്ട് ചാകരയല്ലാര്‍ന്നോ... കത്തനാര് തൊട്ടു ഡ്രാക്കുള വരെ... ഏതു ചാനല് വച്ചാലും ചാകര... ഇന്നിപ്പോ ആ പെങ്കൊച്ചും ജട്ജസും കൂടി പിള്ളാരെ കൊന്നു കൊലവിളിക്കുന്നത് മാത്രമാണ്  കൊള്ളാവുന്ന ഏക രക്തപങ്കിലപരിപാടി... ബാക്കിയെല്ലാം കണ്ണീര്‍പങ്കിലം...  പിന്നെ ഇന്റര്‍നെറ്റും ടോറെന്റും ഉള്ളത് കൊണ്ട്  ആന്റി തട്ടി മുട്ടി ജീവിച്ചു പോകുന്നു... പിന്നെ പ്രേതകഥകളുടെയും  നോവലുകളുടെയും ഒരു വലിയ ലൈബ്രറി തന്നെയുണ്ട്   ആന്റിയുടെ വീട്ടില്‍... വീട്ടില്‍ ആന്റി തനിച്ചാണ് താമസം.... ഈ തനിച്ചു താമസം അത്രശരിയല്ല  കള്ളന്മാരോക്കെ ഉള്ളതാ എന്ന് പലരും പറഞ്ഞു എങ്കിലും പ്രേതങ്ങളുടെ കളിക്കൂട്ടുകാരിയായ ആന്റിക്കു പേടിയോ?... ഒരിക്കലുമില്ല...

 നമുക്കിനി ക്ലോക്കിന്റെ  ടിങ്ങ് ടോങ്ങിലേക്ക്  തിരിച്ചു പോകാം... സ്ക്രീനില്‍ കള്ളിയാങ്കാട്ടു  നീലി ഏതോ ഒരുത്തന്റെ ചോരകുടിച്ച് പല്ലിളിക്കുന്നത് കണ്ടു ആന്റി തന്റെ സ്വര്‍ണം കെട്ടിയ ദന്തനിര മുഴുവന്‍  പുറത്തുകാട്ടി 22 കാരറ്റ് ചിരി ചിരിക്കുകയാണ്... ഹി... ഹി... ഹി... ഈ സമയം മറ്റൊന്നുകൂടി നടക്കുന്നുണ്ടായിരുന്നു ... ആന്റിയുടെ വീടിന്റെ ചിമ്മിനിയിലൂടെ രണ്ടു ഹൈടെക് കള്ളന്മാര്‍  താഴേക്ക് ഇഴഞ്ഞിറങ്ങി... ആ ഡ്രാക്കുളകോട്ട മോഡല്‍ ഭവനത്തില്‍ ഒരു വയസ്സിതള്ള മാത്രമെയുള്ളു  എന്നവര്‍ നേരത്തെതന്നെ  ഗൂഗിളില്‍ തപ്പി കണ്ടു  പിടിച്ചിരുന്നു ... എന്നിരിക്കിലും അര്‍ത്ഥരാത്രി കമ്പ്യൂട്ടറിനു മുന്‍പിലിരുന്നു പൊട്ടിച്ചിരിക്കുന്ന ആന്റിയെ കണ്ടു  അവര്‍ ഒന്നു ഞെട്ടി... അവര്‍ ഉള്ള ധൈര്യം സംഭരിച്ച് ആന്റിയുടെ പുറകിലെത്തി  തോണ്ടിവിളിച്ചു.... സിനിമയില്‍ ലയിച്ചിരുന്ന നീലിആന്റിയില്‍ നിന്ന് നോ റീയാക്ഷന്‍... അവര്‍ തട്ടിവിളിച്ചു  ആന്റി ഞെട്ടി തിരിഞ്ഞു... കൈയില്‍ തോക്കും മുട്ടന്‍ വടിയുമൊക്കയായി  രണ്ടുപേര്‍ ഒരു ആര്‍ത്തനാദം ആന്റിയുടെ തൊണ്ടയില്‍ കുരുങ്ങി... അപ്പോഴാണു ഇത്ര വലിയ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നത് അത്ര പന്തിയല്ല എന്ന് പലരും പറഞ്ഞതിന്റെ ഗുട്ടന്‍സ് ആന്റിക്ക് പിടികിട്ടിയത്... എന്റെ കള്ളിയാങ്കാട്ടു  നീലിയമ്മച്ചീ എന്റെ ഡ്രാക്കുള മുത്തപ്പാ കത്തോളണേ.... ആന്റി  മനമുരുകി പ്രാര്‍ത്ഥിച്ചു... പക്ഷെ എന്ത്  ഫലം കള്ളന്മാര്‍ തങ്ങളുടെ കൈയിലിരുന്ന മുട്ടന്‍ വടികൊണ്ട്    ആന്റിയുടെ മണ്ടക്ക് ഒറ്റക്കൊട്ട്... ചുരുക്കത്തില്‍ നീലിയാന്റിയും ഒരു പ്രേതമായി...

കാലന്‍ തന്റെ കറുത്ത കാഡിലാക്ക് ലിമോയില്‍ കുതിച്ചെത്തി... ആന്റിയെയും കൂട്ടി കാലപുരിയിലേക്ക് തിരിച്ചു കുതിച്ചു... പോകുന്ന വഴിയില്‍ ആന്റിക്കൊരു സംശയം
കാലന്റെ വാഹനം പോത്തല്ലെ പിന്നെന്താ ലിമോ...? 

ആന്റി കാലനോട്‌ തന്റെ സംശയങ്ങള്‍ ചോദിച്ചു തുടങ്ങി 

കാലന്‍ചേട്ടന്റെ പോത്ത് എവിടെ...? എനിക്ക് സ്പെഷ്യല്‍ ആണോ കാഡിലാക്ക് ലിമോ ...? നിങ്ങള്‍ക്ക്  എങ്ങനെ ഈ കാര്‍ കിട്ടി ...? അമേരിക്കന്‍   പ്രസിഡന്‍റ്  ഒബാമാക്കും ഇതേ കാര്‍ ഉണ്ടല്ലോ ? നിങ്ങള്‍ ഇരട്ടകളാണോ..?  നിങ്ങള്‍ തമ്മിലുള്ള ബദ്ധം എന്താണ് ...?

പാവം കാലന്‍ ആന്റിയുടെ സിബിഐ മട്ടിലുള്ള ചോദ്യംചെയ്യലിനു മുന്‍പില്‍ വീണു പോയി... കാലന്‍ കഥ പറയാന്‍ തുടങ്ങി...

 ഇപ്പൊ കുറെ നാളായിട്ട് പൊതുവെ പുറം ജോലി കരാറുകളുടെ കാലമാണല്ലോ... എനിക്കാണെങ്കില്‍ എന്നും ഓവര്‍ ടൈം ജോലിയാ... പിന്നെ ഓരോരുത്തര്‍ക്ക് പുറം ജോലി കരാര്‍ കൊടുത്തായിരുന്നു ഞാന്‍ പിടിച്ചു നിന്നിരുന്നത് ... സദ്ദാം ഹുസൈനും, ബിന്‍ ലാദ്ദനും ഒക്കെ ആയിരുന്നു എന്റെ സ്ഥിരം ക്ലയന്റ്സ് .....അപ്പോഴാ കാശ് ഒന്നും തരണ്ട  എല്ലാം ഞാന്‍ ഏറ്റു എന്നു പറഞ്ഞു  ഒരു    പുതിയ പയ്യന്‍ വന്നത്,  ബുഷ്‌ എന്നോ മറ്റോ ആയിരുന്നു പയ്യന്റെ പേര്...  കേട്ടപാടെ ഞാനങ്ങ് സമ്മതിച്ചു... അപ്പോളവന്‍ സമ്മാനിച്ചതാ ഈ കാര്‍,    അവന്‍ ഏതായാലും നല്ല പയ്യാനാര്‍ന്നു, അവനാ   ജോലി വളരെ   നല്ലഭംഗിയായി    നടത്തികൊണ്ടിരുന്നപ്പോഴാ ഇപ്പോ പറഞ്ഞ   ആ കുരുത്തം കെട്ടവന്‍, ഒബാമ... മറ്റവനെ ചാടിച്ചു കസാരയില്‍ കയറിയത്... പിന്നേം എനിക്ക് പണിയായി... പിന്നെ ഈ കാര്‍ ഉള്ളകൊണ്ട് നടു ഒടിയാതെ നടക്കാം...

കാലന്‍ പറഞ്ഞു  നിര്‍ത്തി. അപ്പോഴക്കും കാലപുരി എത്തിയിരുന്നു...


പരലോകനിവാസികള്‍  എല്ലാവരും പുതിയ അതിഥിയെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു... അവിടുത്തെ പോപ്പുലേഷന്‍ കണ്ടു നീലിയാന്റി അന്തംവിട്ടു...ഹൈടെക്  സൌകര്യങ്ങള്‍ കണ്ടു വീണ്ടും അന്തംവിട്ടു... പ്രതീക്ഷിച്ചതിനേക്കാള്‍  കൊള്ളാം... എന്നാലും ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞപ്പോള്‍ ആന്റി ക്കൊരു മോഹം തന്നെ കൊന്നവരോട് പ്രതികാരം ചെയ്യണം... പിന്നെ  സിനിമയില്‍ കണ്ടതുപോലെ ആരുടെയെങ്കിലും ചോര കുടിക്കണം....  ആന്റി ഉടനെ തന്റെ ആഗ്രഹം കാലനമ്മാവനെ അറിയിച്ചു...  പുള്ളിക്കാരന്‍ ഡബിള്‍  ഹാപ്പി ജോലി കുറഞ്ഞു കിട്ടിയല്ലോ....  അങ്ങനെ നീലിയാന്റി സകല  പരലോക നിവാസികളുടെയും അനുഗ്രഹത്തോടെ ഭൂമിയിലേക്ക്   വച്ചടിച്ചു....


Read More ...

Latest Stories

എച്ചുസ്മീ എനിക്കൊരു  സംശയം, വളരെ സിമ്പിള്‍ സംശയമാണ്  മാവേലി ശരിക്കും കുടവയറനാണോ... ? ഇത് വെറുമൊരു സംശയമല്ല ഒരു ഒന്നൊന്നര സംശയമാണ്,




 


പുരാണത്തില്‍ നിന്നുള്ള വിവരണമൊക്കെ വച്ചുനോക്കുമ്പോള്‍ ആള്‍ അര്‍നോള്‍ഡ്  ഷാര്‍സ്നെഗ്ഗേര്‍ക്ക്  കപ്പടമീശ വെച്ചാല്‍ എങ്ങനെ ഇരിക്കുമോ അങ്ങനെ ഇരിക്കണ്ടാതാണ്... അതൊന്നുമില്ലെങ്കിലും ചുരുങ്ങിയ പക്ഷം ഒരു ഗ്രേറ്റ്‌ ഖാലി എങ്കിലും ആകേണ്ടതാണ്....










എന്നിട്ട്   ഇതിപ്പോ ഒരുമാതിരി 5 അടി 4 ഇഞ്ച്‌ പൊക്കവും ഒടുക്കത്തെ കുടവയറും... എനിക്ക് ആകെ ഫീല്‍ ആകുന്നു... ആരാണ് നമ്മുടെ മാവേലിയോടു ഈ കൊലച്ചതി ചെയ്തത്...? മാവേലി വേഷം കെട്ടാനുള്ള  യോഗ്യത നല്ലൊരു കുടവയര്‍ ആണെന്നാണ് എല്ലാരും പറയുന്നത്... ആരാണ് ഈ അന്ധവിശ്വാസങ്ങളെല്ലാം പറഞ്ഞു പരത്തിയത്...? പുരുഷോത്തമനായിരുന്ന മാവേലി മന്നന്നു എങ്ങനെ കുടവയര്‍ ഉണ്ടായി...? പാതാളത്തില്‍ പുള്ളി ഒരു പണിയും ഇല്ലാതെ തിന്നുകുടിച്ചിരിക്കുവണോ...? അങ്ങയനെങ്കില്‍ തന്നെ കേരളവും പാതാളവും തമ്മില്‍ മിനിമം ദൂരം ഒരു 1000 കിലോമീറ്റര്‍ എങ്കിലും  വരും... അവിടുന്ന് ഇങ്ങോട്ട് എക്സ്പ്രസ്സ്‌വെയും മെട്രോറെയിലും ഒന്നും ഇല്ല, പുള്ളിക്കാരന്‍ നടന്നാ പോരുന്നത്...  1000 കിലോമീറ്ററൊക്കെ കൈയും വീശി നടന്നാ ഏതു  കുടവയറനും സിക്സ് പായ്ക്ക് ഉണ്ടാകും... എന്നിട്ടും നമ്മുടെ മാവേലിക്കു കുടവയര്‍...?

ഈ കുടവയറിനു പിന്നില്‍ വിദേശമരുന്ന് കമ്പനികളുടെ കറുത്ത കൈകളാണ്  ഉള്ളത് എന്നാണ് ലുട്ടുമോന്റെ ബലമായ സംശയം... മാവേലിയെ കുടവയറിന്റെ ബ്രാന്‍ഡ്‌  അംബാസിഡര്‍ ആക്കി കേരളത്തില്‍ കുടവയര്‍ പ്രസ്ഥാനത്തിലേക്ക്  കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചു ബിപിക്കും പ്രമേഹത്തിനും സകലമാന രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കൂടുതലായി വിറ്റഴിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ് മാവേലിയുടെ  കുടവയര്‍... ആദ്യം അവര്‍ കാറ് തരാം ലോറി തരാം മൂന്നാറില്‍ 1000 ഏക്കര്‍ പതിച്ചു തരാം എന്നല്ലാം മാവേലിക്ക്  ഓഫര്‍ കൊടുത്തു പക്ഷെ മാവേലി ആള് നീതിമാനായതുകൊണ്ട്  മരുന്ന് കമ്പനികളുടെ പ്രലോഭനങ്ങള്‍ക്ക് മുന്‍പില്‍ അദേഹം വീണില്ല... അപ്പോള്‍ അവര്‍ ഏതാനും പന്ന ചിത്രകാരന്മാരയും കാര്‍ട്ടൂണിസ്റ്റ്കളയും കൂട്ടുപിടിച്ച്  മാവേലിയെ  കുടവയറനായി ചിത്രീകരിച്ചു... എല്ലാരും ചേര്‍ന്ന്  മാവേലിയെ  കുടവയറനായി മുദ്രകുത്തി, ആരും അദേഹത്തിന്റെ സിക്സ് പായ്ക്ക് നിരപരാതിത്വം തിരിച്ചറിഞ്ഞില്ല... ഈ അനീതിക്കെതിരെ പ്രതികരിക്കാന്‍ ആരും  മുന്നോട്ടുവന്നില്ല... ലമോ... മാവേലി ഇന്നും കേരളിയര്‍ക്കു മുന്‍പില്‍ കുടവയറിന്റെ ബ്രാന്‍ഡ്‌  അംബാസിഡര്‍ ആയി തുടരുന്നു... പ്രതികരിക്കൂ... മലയാളീ, ഇനിയെങ്കിലും പ്രതികരിക്കൂ.... ഈ ഓണക്കലെത്തു വെറുതെ  ഉരുട്ടിവിഴുങ്ങി വയറും വീര്‍പ്പിച്ച് ഇരുന്നാ മതിയോ... ?

( വിവരങ്ങള്‍ ചോര്‍ത്തി തന്നതിന് വിക്ക്ലീലീക്സിനും  ജൂലിയന്‍  അസാന്‍ജിനും ലുട്ടുമോന്റെ വക  പ്രത്യകം നന്ദി) 

എല്ലാവര്‍ക്കും ലുട്ടുമോന്റെ വക കിടിലന്‍ ഓണാശംസകള്‍


Read More ...

Latest Stories

 പൂക്കളവും പൂവിളിയുമായി വീണ്ടുമൊരു ഓണക്കാലം കൂടി...  മലയാളിയുടെ ജീവിതരീതികള്‍ ഒരുപാടു മാറിപ്പോയി എങ്കിലും ഓണഘോഷത്തിനു ഈ ആധുനിക കാലത്തിലും  വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നത്  ഏറെ ആശ്വാസജനകമാണ് ... പിന്നെ പൂവിനും പച്ചക്കറിക്കും അയല്‍ സംസ്ഥാനത്തെ അശ്രയിക്കേണ്ടി വരുന്നു  എന്നുമാത്രം,  അത് പിന്നെ എപ്പോഴും അങ്ങനെ ആണല്ലോ...

വിദ്യാഭ്യാസ കാലത്തെ  ഓണഘോഷങ്ങള്‍  എല്ലാവര്‍ക്കും എന്നും മറക്കാനാവാത്ത നല്ല ഓര്‍മ്മകള്‍ ആയിരിക്കും... എനിക്കും അങ്ങനെ  തന്നെ... ഒരുപാടു  ഓണഘോഷങ്ങള്‍ അതില്‍ തന്നെ ഏറ്റവും അധികം മനസ്സില്‍   തങ്ങി  നില്‍ക്കുന്നത്   +2  ആദ്യ  വര്‍ഷത്തെ ഓണഘോഷമാണ്‌...

 പായസമത്സരം ആയിരുന്നു ആ വര്‍ഷത്തെ പ്രധാന ഇനം, എല്ലാ ക്ലാസുകാരും സ്വന്തമായി പായസം വക്കണം... സ്കൂളീന്നു പായസം കൊടുക്കാതെകഴിക്കാനുള്ള ബുദ്ധി ആയിരുന്നോ എന്തോ...

    രാവിലെ തന്നെ പായസമുണ്ടാക്കാനുള്ള തത്രപ്പാടു തുടങ്ങി... ഗോതമ്പുപായസമാണ്  ഉണ്ടാക്കാന്‍ പോകുന്നത്... സ്കൂള്‍ മൈതാനത്താണ് അടുപ്പ് കൂട്ടണ്ടത്... ഞങ്ങള്‍ ( ബയോളജി, മലയാളം ബാച്ച് ) ചെമ്പും ചട്ടുകവും ഒക്കയായി ഗ്രൗണ്ടില്‍ എത്തി... എവിടെ പായസം വക്കാനുള്ള അടുപ്പ്‌ ?, അതും ഇനി  ഉണ്ടാക്കണം... അവിടയപ്പുറത്തു അതാ സീനിയര്‍ ചേട്ടന്മാര്‍ അടുപ്പുണ്ടാക്കുന്നു... തൂമ്പക്കു ഗ്രൗണ്ട്  കുഴിച്ചു കല്ല്‌ അടുക്കിയാണ് അടുപ്പ്‌ നിര്‍മാണം... ഒരു തൂമ്പ കിട്ടാതെ രക്ഷയില്ല... ഞങ്ങള്‍ തൂമ്പയും ചോദിച്ചു സീനിയര്‍  ചേട്ടന്റെ അടുത്തെത്തി... ഒരു രക്ഷയുമില്ല... ഞങ്ങള്‍   ആണുങ്ങള്‍ ഏതാണ്ട്  പോയ    അണ്ണാന്റെകൂട്ട് നില്‍ക്കുമ്പോ ആര്‍ക്കോ തലയില്‍ ബള്‍ബ്‌ കത്തി... കൂട്ടത്തിലെ സുന്ദരിക്കൊച്ചിനെ  തൂമ്പ വാങ്ങാന്‍ പറഞ്ഞു വിട്ടു... പുള്ളിക്കാരി പോയി ചോദിച്ചു... ഞങ്ങള്‍ പ്രതീക്ഷയോടെ  നോക്കി... എന്നിട്ടും ചേട്ടന്‍  തൂമ്പ തന്നില്ല... പക്ഷെ ചേട്ടന്‍ തൂമ്പയുമായി ഞങ്ങടെ അടുത്ത് വന്നു കുഴികുത്തി അടുപ്പും  ഉണ്ടാക്കി തന്നു... ഞങ്ങള്‍ ആണുങ്ങള്‍ വീണ്ടും ഏതാണ്ട്  പോയ അണ്ണാന്മാരായി...

 പായസമുണ്ടാക്കല്‍ തുടങ്ങി... പാവം ആണുങ്ങള്‍, തീ ഊതി ഊതി ചുമച്ചു കണ്ണ് കലങ്ങി...  പെണ്‍പിള്ളേര്‍ എല്ലാവരും  വഴിയരുകില്‍ സര്‍ക്കസ് കാണുന്ന പോലെ നോക്കിനില്‍പ്പുണ്ട് ...   ഒടുവില്‍ പായസം തിളച്ചു തുടങ്ങി... അപ്പോള്‍  അടുത്ത പ്രശനം വെള്ളം വറ്റിപ്പോയി... ഇത്തിരി തേങ്ങാപാല്‍ ചേര്‍ക്കണം... തേങ്ങാ ചിരണ്ടാവോന്നു ഒരു പെണ്ണിനോട് ചോദിച്ചേ ഉള്ളൂ അപ്പൊ വന്നു മറുപടി " അയ്യേ എനിക്ക് തേങ്ങയൊന്നും ചിരണ്ടാനറിയില്ല" സമാധാനമായി, പിന്നെ ആരോടും ചോദിയ്ക്കാന്‍ നിന്നില്ല... ഞങ്ങള്‍ പാവം ആണുങ്ങള്‍ അതും ചെയ്തു... തേങ്ങാപാല്‍ ചേര്‍ത്ത് കഴിഞ്ഞപ്പോള്‍ ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്നു പറയുന്നപോലെ അല്പം വെള്ളം കൂടിപ്പോയി... പിന്നെ ഓടിപ്പോയി കടയില്‍നിന്നു "കശകശ കിശകിശ" തുടങ്ങിയ സാധങ്ങള്‍  ഇട്ടു അതു അഡ്ജസ്റ്റ് ചെയ്തു... പായസം റെഡി... പക്ഷെ ആര്‍ക്കും കുടിച്ചു നോക്കാനുള്ള ധൈര്യമില്ല... 

       അപ്പോഴക്കും പൂക്കളമത്സരം തുടങ്ങി... അതിനാണെങ്കില്‍  നൂറുകൂട്ടം നിയമങ്ങള്‍... എന്തിനു ഇത്ര രൂപയ്ക്കു മുകളില്‍ പൂമേടിക്കരുത് എന്നുവരെ ഉണ്ട്... എന്നിട്ടും കള്ളക്കണക്കു എഴുതി ഞങ്ങള്‍ പൂമേടിച്ചു... പൂകൊണ്ടുവന്നപ്പോഴല്ലെ രസം, വാടാമല്ലി മൊത്തം ചീഞ്ഞു നല്ല "വാട"... എല്ലാം ദൈവം കാണുന്നു... മൂക്കു പൊത്തി പൂക്കളമിട്ടു തീര്‍ത്തു... അടുത്തത് വടംവലി നേരെ ഗ്രൗണ്ടിലേക്ക്  വച്ചുപിടിച്ചു... ആദ്യ റൌണ്ട് സീനിയര്‍ ചേട്ടന്മാരുമായി... നേരത്തെ പറഞ്ഞ സീനിയര്‍ ചേട്ടന്റെ കാരുണ്യം കൊണ്ടാണോ എന്നറിയില്ല... ഞങ്ങള്‍ ജയിച്ചു... ഫൈനലിലേക്ക് നേരിട്ടു പ്രവേശനം   കിട്ടി... ഫൈനല്‍... അപ്പുറത്ത് കമ്പ്യൂട്ടര്‍ ബാച്ചിലെ ഘടാഘടിയന്മാര്‍... മാന്യമായി തോറ്റു... രണ്ടാം സ്ഥാനം കിട്ടിയല്ലോ ആശ്വാസം... കാവിലെ പാട്ടുമത്സരത്തിനു കണ്ടോളാം എന്ന് പറഞ്ഞു ഗ്രൗണ്ടില്‍ നിന്ന് കയറി....

 പായസം  അപ്പോഴും അവിടെ ഇരിക്കുവാണ്‌... ഒരു ഗ്ലാസ്‌ എടുത്തു ജഡ്ജ്സ്സിനു കൊടുത്തു...  ജോസ് സര്‍ ഒരു  ഗ്ലാസ്‌ കുടിച്ചു, ഭാഗ്യം തട്ടിപ്പോയില്ല... പിന്നെ എല്ലാരും തുടങ്ങി... പാത്രം  അല്‍പസമയം കൊണ്ട്  കാലിയായി... പിന്നെ ഓണപ്പാട്ടും തിരുവാതിരയും... ഒടുവില്‍ സമ്മാനങ്ങളുടെ റിസള്‍ട്ട്‌  വന്നു... എല്ലാത്തിനും എട്ടുനിലയില്‍ പൊട്ടി... എല്ലാരും പരിപ്പ് പായസം ഞങ്ങള്‍ മാത്രം ഗോതമ്പ് പായസം... എന്നിട്ടും സമ്മാനം പരിപ്പുകാര് കൊണ്ട് പോയി... ഇത് അനീതിയല്ലേ?, വടം വലിക്കു കിട്ടിയ ഒരു  പാക്കറ്റ്  മിട്ടായി  പൊട്ടിച്ചു  എന്നിട്ട് അടുത്ത തവണ എല്ലാത്തിനേം എടുത്തോളാം എന്നു പറഞ്ഞു മിട്ടായി വായിലിട്ടു അങ്ങ് ചവച്ചു... അല്ലാണ്ടെന്തു ചെയ്യാന്‍... ;-)


(എന്റെ സ്കൂള്‍: സെന്റ്‌.ജോസഫ്‌  H S S കരിമണ്ണൂര്‍, തൊടുപുഴ,ഇടുക്കി)

Read More ...

Latest Stories

ഒരു നാളില്‍ തന്നോടൊട്ടിനിന്ന അവസാന മണ്‍കണവും കുടഞ്ഞറിഞ്ഞു രണ്ടു കുരുന്നിലകള്‍ ഒരു പുതിയ ലോകത്തേക്ക് മിഴിതുറന്നു. പച്ചപ്പട്ടു വിരിച്ച മലനിരകളും തുള്ളിക്കളിചൊഴുകുന്ന കുളിരരുവികളും വെള്ളിമേഘങ്ങള്‍  പാറിനടക്കുന്ന നീലാകാശവും പൊന്‍പ്രഭ പരത്തുന്ന സൂര്യനെയും അത് കണ്‍നിറയെ കണ്ടു. ഒരിളംകാറ്റ് അതിനെ തഴുകിത്തലോടി  കടന്നുപോയി ആ കുഞ്ഞുചെടി സ്വയമറിയാതെ പറഞ്ഞു " എത്ര സുന്ദരമാണ് ഈ ലോകം " അതുകേട്ട് അടുത്തുനിന്ന തോല്‍ പൊളിഞ്ഞിളകിയ വലിയ വ്രക്ഷം അല്പം പരിഹാസത്തോടയും  അതിലേറെ കരുണയോടും കൂടി മൃദുവായി ചിരിച്ചു... നക്ഷത്രങ്ങളുടെ താരാട്ടുകേട്ടും കാറ്റിനോട് കിന്നാരം പറഞ്ഞും മഴയുടെ താലോലമേറ്റും ആ കുഞ്ഞു ചെടി വളര്‍ന്നു വന്നു.... 

          അന്ന് ഒരു മനുഷ്യന്‍ ആ കുഞ്ഞു ചെടിക്ക് അടുത്ത് വന്നു അയാളുടെ തഴംമ്പുള്ള  കൈകള്‍ അതിനെ മണ്ണില്‍ നിന്ന് പിഴുതെടുത്തു കിഴവന്‍ മരം കുഞ്ഞു ചെടിയെ അലിവോടെ നോക്കി, മഞ്ഞളിച്ച ഇലകള്‍ മണ്ണില്‍ പൊഴിഞ്ഞു വീണു.... കുഞ്ഞു ചെടി അയാളുടെ കൈപ്പിടിയില്‍  നിസഹായതയോടെ കിടന്നു.. അത് കരയുന്നുണ്ടായിരുന്നു  പക്ഷെ ആ മനുഷ്യന്‍ അതൊന്നും ശ്രദ്ധിച്ചില്ല... അയാള്‍ അതിനെ  ഒരു കറുത്ത പ്ലാസ്റ്റിക്‌ കൂടയില്‍ ഇറക്കി വെച്ചു, ശേഷം കാറ്റും വെളിച്ചവും നേരാംവിധം കിട്ടാത്ത കൂടാരത്തിലെ തണലിനു കീഴില്‍ പ്രതിഷ്ടിച്ചു... ഈ ലോകം താന്‍ കരുതിയിരുന്നതുപോലെ അത്ര സുന്ദരമല്ലെന്നു കുഞ്ഞു ചെടി തിരിച്ചറിയാന്‍ തുടങ്ങി... അങ്ങനെയിരിക്കെ ഒരുനാള്‍ അയാള്‍ വീണ്ടും വന്നു അയാളുടെ കയ്യില്‍ മൂര്‍ച്ചയുള്ള  കത്തി ഉണ്ടായിരുന്നു... അയാള്‍ കുരുന്നു ചെടിയുടെ ഇളം തൊലി ചെത്തി മാറ്റി... കുഞ്ഞു ചെടി കണ്ണീരൊലിപ്പിച്ചു   കരഞ്ഞു... ചെത്തി മാറ്റിയ തൊലിയുടെ സ്ഥാനത്തു പ്രായമായ മറ്റേതോ വ്രക്ഷത്തിന്റെ തൊലി വെച്ചുച്ചേര്‍ത്തു കെട്ടിവരിഞ്ഞ ശേഷം അയാള്‍ പോയി ... പിന്നീടു ആ തൊലിയും കുഞ്ഞു ചെടിയുടെ ജീവന്റയൂം ശരീരത്തിന്റയൂം ഭാഗമായി മാറി അവിടെ നിന്ന് പുതിയ നാമ്പുകള്‍ പൊട്ടിമുളച്ചു ...  ക്രമേണ ആ ചെടി വേദനകള്‍ എല്ലാം  മറന്നു അതിനു കൂട്ടിനു തന്നെപോലെതന്നെ ഉള്ള ഒരുപാടു ചെടികള്‍ അവിടെ  ഉണ്ടായിരുന്നു....

     ഒരു ദിവസം കുറച്ചു ആളുകള്‍ വന്നു അവര്‍ ചെടികളെ എല്ലാം വാഹനത്തില്‍ കയറ്റി എങ്ങോട്ടോ കൊണ്ട് പോയി... പിന്നീടു പ്ലാസ്റ്റിക്‌  കൂട നീക്കി മണ്ണിലെ കുഴികളില്‍ ഇറക്കിവച്ചു... വളരാന്‍ പുതുമണ്ണൂ കിട്ടിയ ആ തൈചെടി ഏറെ ആഹ്ലാദിച്ചു വീണ്ടും കൈവന്ന സൗഭാഗ്യങ്ങളില്‍  അത് മതി മറന്നു... കൂടയുടെ  അരികുകളില്‍ നിരാശയോടെ ഒതുങ്ങി വളര്‍ന്നിരുന്ന അതിന്റെ വേരുകള്‍ മണ്ണിന്റെ പുതിയ ആഴങ്ങള്‍ തേടി... നല്ല പ്രകാശം, സുലഭമായ ജലം, വളങ്ങള്‍, മറ്റു ശുശ്രൂക്ഷകള്‍ എല്ലമായപ്പോള്‍ ആ  തൈചെടി വേഗം വളര്‍ന്നൊരു കൊച്ചുമരമായി മാറി... തന്നെ പരിചരിക്കാന്‍ എത്തുന്നവര്‍ക്കു നേത്രുത്തം നല്‍കുന്ന ആളെ ആ  മരം പ്രത്യകം ശ്രദ്ധിക്കാറുണ്ടായിരുന്നു...  സ്വര്‍ണ ഫ്രെയിമുളള കണ്ണടക്കു പിന്നില്‍ അയാളുടെ കണ്ണുകളില്‍ കാണുന്ന തിളക്കത്തിന്റെ നിഗൂഡത ആ കൊച്ചുമരത്തിന്  ഒരിക്കലും പിടികിട്ടിയിരുന്നില്ല ... വലിയ കാറ്റും മഴയുമുള്ള ഒരു ദിവസം തന്റെ അരികിലായി നിന്ന മറ്റൊരു മരത്തിന്റെ ശിഖരം ഒടിഞ്ഞപ്പോള്‍  അയാള്‍ അതീവ ദുഖിതനായ്  കാണപ്പെട്ടതു കണ്ടു അയാള്‍  തങ്ങളെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് മരം ചിന്തിച്ചു...

      കാലം കടന്നു പോയി , ഇത്രയും  നാള്‍ താന്‍ കണ്ട നോട്ടങ്ങള്‍ക്കും പരിചരണങ്ങള്‍ക്കും പിന്നിലെ കഴുകന്‍ കണ്ണുകള്‍ ആ മരം തിരിച്ചറിഞ്ഞതു തന്റെ മേല്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് പോറലുകള്‍ വീണപ്പോഴാണ് ... അവര്‍ മരത്തിന്റെ പട്ട ചെത്തി മാറ്റി, മുറിവിലൂടെ മരത്തിന്റെ രക്തവും കണ്ണീരും ഒന്നുചേര്‍ന്നൊഴുകി... അവര്‍ നിരന്തരം   മരത്തിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു , മരത്തിന്റെ മേല്‍ മുറിവുണങ്ങിയ പാടുകള്‍ ഏറിവന്നു... 

  കാലം പിന്നയും  കടന്നു പോയി മരത്തിന്റെ ചോരയും കണ്ണീരും വറ്റി  തുടങ്ങി  അപ്പോള്‍ അവര്‍ മരത്തിനെ കൂടുതല്‍ വേദനിപ്പിച്ചു... ഒടുവില്‍ അതിനു വേദനിക്കാതായി കണ്ണീര്‍ വറ്റി, ഞരമ്പുകളില്‍ രക്തമില്ലതായി... അപ്പോഴക്കും പണ്ട് മാരുതിയില്‍ മരത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്ന സ്നേഹനിധിയായ  മനുഷ്യന്‍ ഫോര്‍ഡിലേക്കും, ഹോണ്ടയിലേക്കും, സ്കോഡയിലേക്കും ഒക്കെ വളര്‍ന്നിരുന്നു... മരത്തിന്റെ അവസാന തുള്ളി രക്തവും  ഊറ്റി എടുത്തശേഷം അയാള്‍ മരത്തെ കശാപ്പുകാരന് വിറ്റു...


തന്റെ കൂട്ടുകാര്‍ ഓരോരുത്തരായി മുറിഞ്ഞുവീഴുന്നത്  നോക്കി തന്റെ ഊഴവും കാത്ത് മരം നിസംഗതയോടെ നിന്നു... അറക്കവാള്‍കൊണ്ട് തായ്ത്തടി മുറിച്ചപ്പോഴും അതിനു വേദനിച്ചില്ല... ഈ നശിച്ച  ലോകത്ത് നിന്നു രക്ഷപെട്ടല്ലോ എന്നാശ്വസിച്ചുകൊണ്ട് ഒരു പുഞ്ചിരിയോടെ അതു മറിഞ്ഞു മണ്ണില്‍ വീണു... ആ നിമിഷം  മരത്തില്‍ നിന്നു ഒരു  വിത്ത്‌ മണ്ണില്‍  വീണു അതു  കണ്ട മരത്തിന്റെ  ചിരി മാഞ്ഞു അതു  വീണ്ടും കണ്ണീര്‍ പൊഴിച്ചു....












ഇനി കഥയെക്കുറിച്ച്: കഥയിലെ മരമേതാണെന്ന് ചോദിക്കുന്ന മരക്കഴുതകളോട് എനിക്കൊന്നും പറയാനില്ല...

പിന്നെ ഒരു രഹസ്യം പറയാം +2  തൊട്ടു ഞാന്‍ ഇതേ കഥ എഴുതിയാ എല്ലാക്കൊല്ലവും സമ്മാനം വാങ്ങിയിരുന്നത്


     പക്ഷെ എല്ലാത്തവണയും സെക്കന്റ്‌,  എനിക്ക് അന്നൊന്നും കാര്യം പിടികിട്ടിയില്ല... അവാര്‍ഡിന് അയക്കുമ്പോഴും ഇത് തന്നെ സ്ഥിതി, ബൂര്‍ഷ്വാസികള്‍, ചൂഷകവര്‍ഗം, കൊലോനിയിസം, വര്‍ഗാത്യപത്യം തുടങ്ങി നൂറുകൂട്ടം സംഗതികളുണ്ട്‌ ബട്ട്‌ ഒരു സംഗതി മാത്രം ഇല്ല എന്നാണ് എല്ലാ അവാര്‍ഡ്‌ കമ്മിറ്റിക്കാരും പറയുന്നത് ... ഇപ്പോഴാ മനസിലായത് ഒരു കിടിലന്‍ പേരിന്റെ കുറവുകൊണ്ടാ എനിക്ക് അവാര്‍ഡ്‌ കിട്ടാണ്ട്‌ പോയത് എന്നുള്ള കാര്യം... 

    ഇനിയിപ്പോ എനിക്ക്  അവാര്‍ഡിലൊന്നും വല്യ താല്പര്യമില്ല... ഇവിടയാണ് നിങ്ങള്‍ക്കുള്ള ചാന്‍സ് കഥയ്ക്ക്  ഒരു കിടിലന്‍ പേരിടുക... അവാര്‍ഡ്‌ കിട്ടുമ്പോ പ്രശസ്തിപത്രവും, ശില്പവും  നിങ്ങള്‍ എടുത്തോളൂ  എനിക്ക് കാഷ് അവാര്‍ഡ്‌  മാത്രം  തന്നാല്‍ മതി... എനിക്കീ പ്രശസ്തിയിലൊന്നും  ഒരു താല്പര്യം ഇല്ല... ;-)

അപ്പോള്‍ എല്ലാവര്‍ക്കും അവാര്‍ഡ്‌  ആശംസകള്‍...

സ്വന്തം ലുട്ടുമോന്‍  


Read More ...